കോഴിക്കോട്: വിവാഹദിനത്തിൽ അണിഞ്ഞൊരുങ്ങുന്നതിന്നു മുൻപ് നവവധു വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് തുടരന്വേഷണത്തിന്. യുവതിയുടെ ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് അന്വേഷണം ആരംഭിച്ചതെന്ന് ചേവായൂർ ഇൻസ്പെക്ടർ പി. ചന്ദ്രമോഹൻ പറഞ്ഞു. ‘എന്റെ കാര്യങ്ങളെല്ലാം അവനറിയാം…ഒപ്പം ജീവിക്കാൻ കഴിയില്ല… എന്റെ ഇഷ്ടപ്രകാരമാണ് ഇത് ചെയ്യുന്നത്..’ എന്നാണ് പൊലീസ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. ഈ സാഹചര്യത്തിലാണ് കൂടുതൽ വ്യക്തത വരുത്താൻ അന്വേഷണം.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക
കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകൾ മേഘ(30)യാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ കുളിക്കാനായി മുറിയിൽക്കയറിയ മേഘ ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെത്തുടർന്ന് ബന്ധുക്കൾ വാതിൽ പൊളിച്ചപ്പോൾ റൂമിൽ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
പ്രാഥമിക അന്വേഷണത്തിൽ, തലേദിവസം വരെ വീട്ടിൽ ഒരു പ്രശ്നവുമുണ്ടായിരുന്നില്ലെന്നു പൊലീസ് പറഞ്ഞു. മേഘ പഠിക്കുന്ന ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായാണ് വിവാഹം നിശ്ചയിച്ചത്. വിവാഹം വധൂഗൃഹത്തിലായതിനാൽ കല്യാണമണ്ഡപവും മറ്റു സൗകര്യങ്ങളും ഒരുക്കിയിരുന്നു.
