കൊച്ചി: കൊച്ചിയിലെ ഹോട്ടൽ മുറിയിൽ വെച്ച് കൊല്ലപ്പെട്ട ഒന്നരവയസുകാരിയുടെ പിതാവിന് നേരെ നാട്ടുകാരുടെ ആക്രമണം. കൊല്ലപ്പെട്ട നോറ മരിയയുടെ പിതാവ് സജീവിനാണ് മർദ്ദനമേറ്റത്. കുഞ്ഞിന്റെ സംസ്കാരത്തിന് ശേഷം ഭാര്യവീട്ടിലേക്ക് കാറിൽ അമിത വേഗത്തിലെത്തിയ ഇയാളെ നാട്ടുകാർ തടയുകയായിരുന്നു. കാർ തടഞ്ഞ് അസഭ്യ വർഷം നടത്തിയ നാട്ടുകാർ ഇയാളുടെ കാറിന്റെ ചില്ലും തല്ലി തകർത്തു.

ഭാര്യയായ ഡിക്സിയുടെ വീടിന് അടുത്ത് വെച്ചാണ് മർദ്ദനമേറ്റത്. കൊല്ലപ്പെട്ട നോറ മരിയയുടെ സംസ്കാരം വൈകിട്ട് അഞ്ചരയോടെ കൊച്ചി കറുകുറ്റി പള്ളിയിൽ വച്ച് നടന്നിരുന്നു. ഇതിന് ശേഷം രാത്രി ഏഴരയോടെയാണ് ഡിക്സിയുടെ വീട്ടിലേക്ക് സജീവ് എത്തിയത്.

നാട്ടുകാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതോടെ സ്ഥലത്തുണ്ടായിരുന്ന ചിലർ ചേർന്ന് ഇയാളെ കാറിൽ കേറ്റിയിരുത്തിയെങ്കിലും സംഘർഷാവസ്ഥ അയഞ്ഞില്ല. നാട്ടുകാരും സജീവും തമ്മിൽ പലവട്ടം വാക്കേറ്റമുണ്ടാക്കുകയും സജീവിന് നേരെ കൈയ്യേറ്റമുണ്ടാക്കുകയും ചെയ്തു. ഒടുവിൽ സജീവ് എത്തിയ കാറിൻ്റെ ചില്ല് നാട്ടുകാർ അടിച്ചു പൊളിച്ചു.

മകളുടെ മരണവാ‍‍ർത്തയറിഞ്ഞ് ഡിക്സി വിദേശത്ത് നിന്നും എത്തിയിരുന്നു. സജീവിൻ്റെ അമ്മ സിക്സിക്കും പ്രതിയായ ബിനോയിക്കും ഒപ്പം ഹോട്ടലിലുണ്ടായിരുന്ന നാല് വയസുകാരൻ മകനെ ഡിക്സിക്കും കുടുംബത്തിനും ഒപ്പം വിട്ടയച്ചതായി ശിശുക്ഷേമസമിതി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *