പാലക്കാട്: പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയ രണ്ട് പോലീസുകാരുടെ ദുരൂഹ മരണങ്ങളിൽ കുറ്റസമ്മതം നടത്തി കസ്റ്റഡിയിലായവർ. പോലീസുകാരുടെ മൃതാദേഹങ്ങൾ രാവിലെ പാടത്ത് കൊണ്ടിട്ടതാണെന്ന് ഇവർ സമ്മതിച്ചു. വാർക്കാട് സ്വദേശികളായ രണ്ടുപേരാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം.

പോലീസിന്റെ ചോദ്യംചെയ്യലില്‍ കാട്ടുപന്നികളെ പിടിക്കാനായി വൈദ്യുതകെണി വെയ്ക്കാറുണ്ടെന്ന് ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പോലീസ് നാട്ടുകാരിൽ നിന്നും മൊഴിയെടുത്തിരുന്നു. ഇതോടെയാണ് വൈദ്യുതി കെണിയുടെ കാര്യം സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചത്. തുടർന്ന് വൈദ്യുതി കെണിവെച്ച നാട്ടുകാരെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.

പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമായതിനാലാണ് വൈദ്യുതി കെണിവെച്ചതെന്ന് കസ്റ്റഡിയിലുള്ളവർ പോലീസിന് മൊഴി നൽകി. ഇന്നലെ രാത്രിയാണ് കെണിവെച്ചത്. രാവിലെ കെണി എടുക്കാനായി പാടത്ത് ചെന്നപ്പോൾ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടു. തുടർന്ന് കെണി അവിടെ നിന്ന് മാറ്റി. പിന്നീട് മൃതദേഹങ്ങൾ രണ്ടിടത്തായി കൊണ്ടിട്ടെന്നും ഇവർ പോലീസിനോട് പറഞ്ഞിട്ടുണ്ട്. കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തി കൂടുതൽ അന്വേഷണം നടത്തും.

രാവിലെയോടെയാണ് മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിന് സമീപം കൊയ്‌ത്തുകഴിഞ്ഞ പാടത്ത് ഹവീൽദാർമാരായ അശോകനെയും , മോഹൻദാസിനെയും മരിച്ച നിലയിൽ കണ്ടത്. ഇരുവരുടെയും ശരീരത്തിൽ പൊള്ളലേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നു. ഇതോടെ ഷോക്കേറ്റാണ് മരണമുണ്ടായതെന്ന നിഗമനത്തിൽ പോലീസ് എത്തിയിരുന്നു. ഇത് അടിസ്ഥാനമാക്കിയായിരുന്നു ചോദ്യം ചെയ്യൽ.

Leave a Reply

Your email address will not be published. Required fields are marked *