മലപ്പുറത്ത്  ചെള്ളുപനി: തലവേദനയും ഛർദ്ദിയും വയറിളക്കവും ലക്ഷണങ്ങൾ

തിരൂർ: മൈറ്റ് എന്ന പ്രാണി പരത്തുന്ന ചെള്ളുപനി(സ്ക്രബ് ടൈഫസ്) രോഗം മലപ്പുറം ജില്ലയിൽ കണ്ടെത്തി. ഡൽഹിയിൽ പഠിക്കുന്ന തിരൂർ സ്വദേശിനിയായ 19-കാരിക്കാണ് രോഗം കണ്ടെത്തിയത്. ഇവർ ഡൽഹിയിൽനിന്ന് നാട്ടിലെത്തി തിരൂർ ശിഹാബ് തങ്ങൾ സ്മാരക സഹകരണാശുപത്രിയിൽ ചികിത്സ തേടി.

മൈറ്റ് എന്ന ചെറുപ്രാണിയിലൂടെ പകരുന്ന ‘ഒറിൻഷ്യ സുസുഗാമുഷി’ എന്ന ബാക്ടീരിയയാണ് ഈ രോഗം വരുത്തുന്നത്. പ്രാണി കടിക്കുന്നവർക്ക് രോഗം പടരും. 1930-ൽ ജപ്പാനിലാണ് ചെള്ളുപനി ആദ്യമായി കണ്ടെത്തിയത്. പനി, തലവേദന, ഛർദ്ദി, വയറിളക്കം, ശരീരവേദന എന്നിവയാണ് ലക്ഷണങ്ങൾ. വൃത്തിഹീനവും കൂടുതൽ ആളുകൾ തിങ്ങിക്കൂടുന്നതുമായ സ്ഥലങ്ങളിലാണ് ഈ പ്രാണികളെ കാണുന്നത്.

ഡൽഹിയിലെ തിരക്കേറിയ തെരുവിൽ ഭക്ഷണം കഴിക്കാൻ പോയ വിദ്യാർഥിനിയെ മൈറ്റ് എന്ന പ്രാണി കടിക്കുകയും രോഗം ബാധിക്കുകയുമായിരുന്നു. പ്രാണി കടിച്ച് മൂന്നു ദിവസം കഴിഞ്ഞപ്പോൾ വിദ്യാർഥിനിക്ക് പനിയും തലവേദനയും ഛർദ്ദിയും വയറിളക്കവും ശരീരവേദനയും വന്നു. തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രോഗം തിരിച്ചറിഞ്ഞില്ല. രോഗം മൂർച്ഛിച്ചതോടെ വിദ്യാർഥിനിയെ ബന്ധുക്കൾ തിരൂരിലേക്ക് കൊണ്ടുവരികയും ചികിത്സ തേടുകയുമായിരുന്നു. ആശുപത്രിയിലെ ജനറൽ മെഡിസിൻ വിഭാഗത്തിൽ വിവിധ രോഗപരിശോധനകൾ നടത്തി. ചെള്ളുപനിക്കുള്ള ‘വെയിൽ ഫെലിക്സ്’ പരിശോധന നടത്തിയപ്പോൾ പോസിറ്റീവായി. തുടർന്ന് വിദഗ്ധ ചികിത്സ നൽകുകയായിരുന്നു. ഡോക്സി സൈക്ലിൻ എന്ന ഗുളിക നൽകി.

വിദ്യാർഥിനിയുടെ ആരോഗ്യനില ഇപ്പോൾ പൂർണമായും ഭേദമായിട്ടുണ്ടെന്നും രോഗലക്ഷണം കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും അല്ലാത്തപക്ഷം ന്യുമോണിയ, ഹൃദയത്തിന് വീക്കം, മൂക്കിൽനിന്ന് രക്തസ്രാവം, മോണയിൽനിന്ന് രക്തസ്രാവം, മൂത്രത്തിൽനിന്ന് രക്തം വരിക തുടങ്ങിയവ ഉണ്ടാകാമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർ പ്രാണി കടിച്ച പാടുകൾ ശരീരത്തിലുണ്ടെങ്കിലും പനി ഉൾപ്പെടെയുള്ള രോഗലക്ഷണം ഉണ്ടെങ്കിലും ഉടൻ ചികിത്സ തേടണമെന്നും ഡി.എം.ഒ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *