കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ വിദേശത്തേക്ക് കടന്ന നടനും നിർമ്മാതാവുമായ വിജയ് ബാബു കൊച്ചിയിൽ തിരിച്ചെത്തി. ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് വിജയ് ബാബു തിരിച്ചെത്തിയത്. ഇടക്കാല മുൻകൂർജാമ്യം അനുവദിച്ചതോടെയാണ് ഒരു മാസത്തിന് ശേഷം, തിരികെയെത്തുന്നത്. സത്യം തെളിയുമെന്നും കോടതിയിൽ പൂർണ വിശ്വാസമുണ്ടെന്നും നടൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

നാട്ടിലെത്തിയാലുടൻ സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകും. അറസ്റ്റ് ചെയ്യരുതെന്ന് നിർദേശമുള്ളതിനാൽ വിജയ് ബാബുവിനെ ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും. വിജയ് ബാബുവിൻറെ മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതി പരിഗണിക്കുണ്ട്. കേസ് അടുത്ത തവണ പരിഗണിക്കുന്ന വരെയാണ് അറസ്റ്റ് തടഞ്ഞത്. വിദേശത്ത് നിന്ന് വിജയ് ബാബു എത്തിയാൽ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് പാടില്ലെന്ന് കോടതി നിർദേശിച്ചു. അറസ്റ്റിൽ നിന്ന് ഇമിഗ്രേഷൻ വിഭാഗത്തെയും വിലക്കിയിട്ടുണ്ട്.

പീഡന പരാതി ഉയർന്നതിന് പിന്നാലെ വിദേശത്തേക്ക് കടന്ന വിജയ് ബാബുവിനെ തിരികെയെത്തിക്കാൻ അന്വേഷണസംഘം നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. മടങ്ങിയെത്തിയാൽ മാത്രമേ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുകയുള്ളുവെന്ന് കോടതിയും നിലപാടെടുത്തിരുന്നു. വിദേശത്ത് കഴിയുന്ന പ്രതി ഒളിവിൽ പോകാനുള്ള സാധ്യത കൂടി മുൻനിർത്തിയാണ് കോടതി ഇന്നലെ വിജയ് ബാബുവിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *