ആലപ്പുഴ: ഭർത്താവിന്റെ വീട്ടിലെ കുളിമുറിയിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്നു പൊലീസ്. ഭർത്താവിനെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിനി ഹേന (42) ആണ് മരിച്ചത്. ഭർത്താവ് ചേർത്തല കൊക്കോതമംഗലം അനന്തപുരി അപ്പുക്കുട്ടൻ (50) കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

26ന് പകൽ 11.30ന് കൊക്കോതമംഗലത്തെ വീട്ടിലായിരുന്നു സംഭവം. കുളിമുറിയിൽ തെന്നി വീണെന്ന് പറഞ്ഞ് ഭർത്താവ് ഹേനയെ ആദ്യം സ്വകാര്യ ആശുപത്രിയിലെത്തിച്ചു. മരണം സ്ഥിരീകരിച്ചതിനാൽ പൊലീസിനെ അറിയിച്ച് പോസ്റ്റ്മോർട്ടം ന‌ടത്തി കൊല്ലത്തെ വീട്ടിൽ സംസ്കാരം നടത്തിയിരുന്നു. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊലപാതകത്തിന്റെ സൂചനകളുണ്ടെന്നു കണ്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുറ്റം സമ്മതിച്ചതെന്ന് സിഐ ബി.വിനോദ് കുമാർ പറഞ്ഞു.

തലയ്ക്ക് പരുക്കും കഴുത്തിൽ വിരൽ അമർത്തിയതിന്റെ പാടുമുണ്ടെന്നുമാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. വഴക്കിനിടയിൽ കഴുത്തിന് പിടിച്ചു തള്ളിയിടുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തതായി പ്രതി മൊഴി നൽകി. 6 മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. ഹേനയ്ക്ക് ചെറുപ്പം മുതലെ മാനസികാസ്വാസ്ഥ്യമുണ്ട്. വീട്ടുകാർ ഇക്കാര്യം വ്യക്തമാക്കിയാണ് വിവാഹം നടത്തിയത്. അടുത്ത സുഹൃത്തുക്കൾ വഴിയാണ് വിവാഹാലോചന വന്നത്. സാമ്പത്തിക തർക്കമാണ് മരണകാരണമെന്നും വിശദ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *