ബൈക്കിടിച്ചു പരുക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ മുൻകയ്യെടുത്തു രാഹുൽ ഗാന്ധി. പരുക്കേറ്റയാൾക്കു പ്രഥമ ശുശ്രൂഷ നൽകിയശേഷം സ്വന്തം വാഹനവ്യൂഹത്തിലെ ആംബുലൻസിൽ പരുക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു. ഇന്നലെ രാത്രി ഏഴരയോടെ വണ്ടൂരിനു സമീപം വടപുറത്താണു സംഭവം.

വണ്ടൂരിലെ കോൺഗ്രസ് പൊതുയോഗത്തിനു ശേഷം മമ്പാട് ഗസ്റ്റ്‌ ഹൗസിലേക്കു പോകുകയായിരുന്നു രാഹുൽ ഗാന്ധി. വടപുറത്തെത്തിയപ്പോൾ അപകടത്തിൽ പരുക്കേറ്റ് ഒരാൾ റോഡിൽ കിടക്കുന്നതുകണ്ട് രാഹുൽ വാഹനം നിർത്തി പുറത്തിറങ്ങി. വാഹനവ്യൂഹനത്തിലെ ആംബുലൻസിൽ പരുക്കേറ്റയാളെ ഉടൻ ആശുപത്രിയിലെത്തിക്കാനും നിർദേശിച്ചു.

പ്രഥമ ശുശ്രൂഷ നൽകാനും ആളെ സ്ട്രെച്ചറിൽ ആംബുലൻസിലേക്കു മാറ്റാനും രാഹുലും കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ചേർന്നു. പരുക്കേറ്റയാളുമായി ആംബുലൻസ് ആശുപത്രിയിലേക്കു പോയശേഷമാണു രാഹുൽ യാത്ര തുടർന്നത്. പരുക്കേറ്റതു വടപുറം സ്വദേശി മൂർക്കത്തു അബൂബക്കറിനാണെന്നു (80) പിന്നീട് തിരിച്ചറിഞ്ഞു. ഇദ്ദേഹം വടപുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

മുട്ടിക്കടവ് കൈപ്പള്ളിൽ ലിബിൻ (25) ഓടിച്ച ബൈക്കിടിച്ചാണ് അബൂബക്കറിനു പരുക്കേറ്റത്. ലിബിനും പരുക്കുകളോടെ ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *