പോക്സോ കേസ്: പാലക്കാട് ബാലികയെ മാതാപിതാക്കളും പ്രതിയായ ചെറിയച്ഛനും ചേർന്നു തട്ടിക്കൊണ്ടുപോയി

പാലക്കാട് :  പോക്സോ കേസിൽ വിചാരണ തുടങ്ങാനിരിക്കെ അതിജീവിതയായ 11 വയസ്സുകാരിയെ മാതാപിതാക്കളും കേസിലെ പ്രതിയായ ചെറിയച്ഛനും ഉൾപ്പെടെയുള്ള സംഘം മുത്തശ്ശിയുടെ വീട്ടിൽ നിന്നു തട്ടിക്കൊണ്ടുപോയി. പെൺകുട്ടിയുടെ സംരക്ഷണം മുത്തശ്ശിയെയാണു കോടതി ഏൽപ്പിച്ചിരുന്നത്.കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കൂടിയായ ചെറിയച്ഛൻ ഉൾപ്പെടെ 6 പേരെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ 3 പേർ സ്ത്രീകളാണ്. പെൺകുട്ടിയെയും മാതാപിതാക്കളെയും കണ്ടെത്താനായിട്ടില്ല.

നഗരത്തിൽ 10നു വൈകിട്ട് നാലോടെയാണു സംഭവം. ചെറിയച്ഛനെതിരെ ടൗൺ സൗത്ത് പൊലീസ് കഴിഞ്ഞ വർഷം കേസെടുത്തിരുന്നു. അറസ്റ്റിലായ ഇയാൾ ഇപ്പോൾ ജാമ്യത്തിലാണ്. പ്രതിക്ക് അനുകൂലമായി മൊഴി മാറ്റാനാണു കുട്ടിയെ ബലമായി കൊണ്ടുപോയതെന്നാണ് പൊലീസിന്റെ നിഗമനം.

മുത്തശ്ശിയുടെ വീട്ടിലെത്തിയ സംഘം കുട്ടിയെ ബലപ്രയോഗത്തിലൂടെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. എതിർക്കാൻ ശ്രമിച്ച മുത്തശ്ശിക്കും ഇവരുടെ മകൾക്കും പരുക്കേറ്റു. കാറിലും ബൈക്കിലുമാണു സംഘം എത്തിയത്. കാറിന്റെ നമ്പർ തുണി ഉപയോഗിച്ചു മറച്ചിരുന്നു. ബൈക്കിന്റെ നമ്പർ വ്യാജമാണ്.

Leave a Reply

Your email address will not be published. Required fields are marked *