മറ്റൊരു വിവാഹം കഴിക്കാൻ ഭാര്യയെ കൊല്ലാനായി മരുമകൾക്ക് 4,000 രൂപയുടെ ക്വട്ടേഷൻ

ഭോപാൽ: മറ്റൊരു വിവാഹം കഴിക്കാനായി ഭാര്യയെ കൊലപ്പെടുത്താൻ അൻപത്തിയൊന്നുകാരൻ ക്വട്ടേഷൻ നൽകിയത് മരുമകൾക്ക്. ഭർതൃപിതാവിന്റെ ക്വട്ടേഷൻ ഏറ്റെടുത്ത മരുമകൾ അമ്മായിയമ്മയെ ഇരുമ്പുചട്ടി കൊണ്ട് അടിച്ചുവീഴ്ത്തിയശേഷം അരിവാൾ കൊണ്ട് കഴുത്തറുത്തു കൊന്നു. മധ്യപ്രദേശിലെ രേവാ ജില്ലയിലാണ് അതിദാരുണമായ കൊലപാതകം നടന്നത്. സംഭവത്തിൽ പ്രതികളായ വാൽമീകി കോൾ, മരുമകൾ കാഞ്ചൻ കോൾ (25) എന്നിവർ പിടിയിലായി.

വാൽമീകി കോൾ ഭാര്യ സരോജിനെ (50) ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. കാഞ്ചന് സരോജുമായി നല്ല ബന്ധമല്ല ഉണ്ടായിരുന്നത്. ഈ സാഹചര്യം മുതലെടുത്ത് ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ വാൽമീകി കോൾ മരുമകളോട് ആവശ്യപ്പെടുകയായിരുന്നു. 4,000 രൂപ മുൻകൂർ ആയി നൽകി. എല്ലാ മാസവും നിശ്ചിത തുക നൽകാമെന്ന് സമ്മതിക്കുകയും ചെയ്തു. ഭർതൃപിതാവ് നൽകിയ അരിവാൾ ഉപയോഗിച്ചാണ് കാഞ്ചൻ ഭർതൃമാതാവിന്റെ കഴുത്തറുത്തത്. കൊലപാതകം നടന്ന ദിവസം വാൽമീകി ബോധപൂർവം സത്‌നയിലെ ബന്ധുവിന്റെ വീട്ടിലേക്ക് പോയി. കാഞ്ചന്റെ ഭർത്താവ് അന്നേദിവസം മീററ്റിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു. വീട്ടിൽ സരോജ തനിച്ചായ സമയത്ത് കാഞ്ചൻ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *