വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും അവധി എടുത്തിരിക്കുകയായിരുന്നു നടി നസ്രിയ. നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ തിരിച്ചു വരവിനൊരുങ്ങുകയാണ് മലയാളികളുടെ പ്രിയപ്പെട്ട താരം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു കൊണ്ട് നസ്രിയയെ അഭിനന്ദിച്ചിരിക്കുകയാണ് ഭര്‍ത്താവും നടനുമായ ഫഹദ് ഫാസില്‍.

നാല് സുവര്‍ണ വര്‍ഷങ്ങളാണ് അവള്‍ എനിക്ക് വേണ്ടി ത്യജിച്ചത്. മലയാളത്തിന്റെ ഫഹദ് ഫാസില്‍ തന്റെ ഭാര്യ നസ്രിയയെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്. വിവാഹത്തിന് ശേഷം നസ്രിയ അഭിനയിക്കുന്ന കൂടെ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്തു കൊണ്ടായിരുന്നു തന്റെ മനസിലെ വരികള്‍ ഫഹദ് കുറിച്ചത്.

ഒരു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്യുന്നതിന് ഇത്രയധികം ആവേശം ഇതിന് മുന്‍പ് എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. മികച്ച അഭിനേതാക്കളും സാങ്കേതിക വിദഗധരും ഒത്തുചേരുന്ന മികച്ച സിനിമ എന്നതിനെക്കാളുപരി ഞാന്‍ കാണാന്‍ ഇഷ്ടപ്പെടുന്ന ഒരാളെ നാലു വര്‍ഷത്തിനുശേഷം സ്‌ക്രീനില്‍ കാണാന്‍ പോകുന്നുവെന്നതിന്റെ ആവേശവും ഉണ്ട്.

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു

ജീവിതത്തിലെ നാല് സുവര്‍ണ വര്‍ഷങ്ങള്‍ അവള്‍ ത്യജിച്ചത് എനിക്കൊരു നല്ല കുടുംബം നല്‍കാനാണ്. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു നസ്രിയ. അഞ്ജലിക്കും രാജുവിനും പാറുവിനും പിന്നെ എന്റെ നസ്രിയയ്ക്കും എല്ലാവിധ ആശംസകളും ഫഹദ് ഫേസ്ബുക്കില്‍ കുറിച്ചു. പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്‍. നസ്രിയക്കൊപ്പം പാര്‍വതിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *