വര്‍ക്കല: വര്‍ക്കലയില്‍ കിടപ്പുരോഗിയെ മദ്യലഹരിയില്‍ എത്തിയ മൃഗഡോക്ടറായ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി. മേല്‍വെട്ടൂര്‍ സ്വദേശി സന്ദീപ് (41) ആണ് മരിച്ചത്. വീട്ടിലെ ഔട്ട്ഹൗസില്‍ തമിഴ്‌നാട് സ്വദേശിയായ സഹായിക്കൊപ്പം താമസിച്ചിരുന്ന സന്ദീപിനെ സഹോദരന്‍ സന്തോഷ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇന്നു രാവിലെയാണ് കൊലപാതകം നടന്നത്.

മദ്യലഹരിയില്‍ എത്തിയ സന്തോഷ്, സന്ദീപിന്റെ ക്ഷണവും വെള്ളവും നല്‍കാന്‍ ഘടിപ്പിച്ചിരുന്ന ട്യുബുകള്‍ വലിച്ചുപറിച്ചു. തുടര്‍ന്ന് നെഞ്ചില്‍ കത്തി കുത്തിയിറക്കുകയായിരുന്നു. നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ സന്ദീപ് തത്ക്ഷണം മരിച്ചു. അക്രമം തടയാന്‍ സഹായിശ്രമിച്ചെങ്കിലും നടന്നില്ല. സഹായി തന്നെയാണ് കൊലപാതക വിവരം പോലീസിനെ വിളിച്ചറിയിച്ചത്.

പാങ്ങോട് സൈനിക ആശുപത്രിയിലെ ജീവനക്കാരനായിരുന്ന സന്ദീപ് നാല് വര്‍ഷമായി കിടപ്പിലാണ്. വീടിനോട് ചേര്‍ന്നുള്ള ഔട്ട്ഹൗസിലാണ് കഴിഞ്ഞിരുന്നത്. ഇടുക്കിയില്‍ മൃഗഡോക്ടറായി സേവനം ചെയ്തിരുന്ന സന്തോഷ് കുറച്ചുനാളായി സസ്‌പെന്‍ഷനിലാണ്.

സന്തോഷിനെ കസ്റ്റഡിയിലെടുത്തതായും സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. മദ്യലഹരിയില്‍ നടന്ന ആക്രമണമാണോ അതോ അതിനു പിന്നില്‍ മറ്റെന്തിലും കാരണമുണ്ടോ എന്ന് പോലീസ് പരിശോധിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *