‘ഒരു നിമിഷം നിശബ്ദനായിരുന്നു” കണ്ണുകളില്‍ ഒരു നനവ്’; കോടിയേരിയുടെ വിയോഗം വിഎസ് അറിഞ്ഞപ്പോൾ

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ വിയോഗ വാര്‍ത്ത വി എസ് അച്യുതാനന്ദനെ അറിയിച്ചപ്പോഴുള്ള പ്രതികരണത്തെക്കുറിച്ച് കുറിപ്പുമായി മകന്‍ വി എ അരുണ്‍കുമാര്‍. ‘കോടിയേരി നമ്മെ വിട്ടുപോയിരിക്കുന്നു, അറിഞ്ഞ ഉടന്‍ തന്നെ അച്ഛനെ അറിയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണില്‍ ഒരു നനവായിരുന്നു’ അരുണ്‍ കുമാര്‍ ഫേസ്ബുക്കിൽ കുറിച്ചു.

അരുണ്‍ കുമാറിന്‍റെ കുറിപ്പ്


ഞെട്ടലും വേദനയും ഉളവാക്കുന്ന ആ വാർത്ത ശ്രവിച്ചുകഴിഞ്ഞു. സ. കോടിയേരി നമ്മെ വിട്ടുപോയിരിക്കുന്നു. ആദ്യം ചെയ്തത് അച്ഛനോട് വിവരം പറയുകയാണ്. ഒരു നിമിഷം നിശബ്ദനായിരുന്ന അച്ഛന്റെ കണ്ണുകളിൽ ഒരു നനവ് എനിക്ക് വ്യക്തമായി കാണാനായി. “അനുശോചനം അറിയിക്കണം” എന്നു മാത്രം പറയുകയും ചെയ്തു.

അച്ഛന്റെ അനുശോചനം യശഃശരീരനായ കോടിയേരിയുടെ കുടുംബാംഗങ്ങളെ അറിയിക്കുകയല്ലാതെ മറ്റൊന്നും ഇത്തരുണത്തിൽ ചെയ്യാനില്ലല്ലോ എന്ന വേദന മനസ്സിൽ കനംതൂക്കുന്നു. അച്ഛനോട് ഏറ്റവും ആദരവും സ്നേഹവും പുലർത്തിയ നേതാവായിരുന്നു, സ. കോടിയേരി ബാലകൃഷ്ണൻ. പ്രതിപക്ഷ നേതാവായിരുന്ന കാലത്തും മുഖ്യമന്ത്രിയായിരുന്ന കാലത്തും അച്ഛനുമായി സൂക്ഷ്മമായ ഹൃദയബന്ധം പുലർത്തിയിരുന്ന മഹാനായ കമ്യൂണിസ്റ്റ് നേതാവിന്റെ വിയോഗത്തിൽ എന്റെ അനുശോചനംകൂടി അറിയിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *