‘മുൻ കാമുകൻ ഭീഷണിപ്പെടുത്തി, ശല്യംചെയ്തു’; സീരിയൽ നടി  മരിച്ച നിലയിൽ

ഹിന്ദി സീരിയൽ നടി വൈശാലി ടക്കറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ‘യേ രിസ്താ ക്യാ കെഹ്‌ലാത ഹേ’, ‘സസുരാൽ സിമർ കാ’ എന്നീ ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയയായ താരമാണ്. മധ്യപ്രദേശിലെ ഇൻഡോറിലെ വീട്ടിൽ ഞായറാഴ്ച രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

വൈശാലിയുടെ മുറിയിൽനിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയെന്ന് ഇൻഡോർ അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു. മുൻ കാമുകൻ ഭീഷണിപ്പെടുത്തുകയും ശല്യം ചെയ്യുകയും ചെയ്തിരുന്നതായും, വളരെയധികം സമ്മർദത്തിലായിരുന്നു എന്നുമാണു കുറിപ്പിൽ പരാമർശിക്കുന്നതെന്നാണ് വിവരം. ഇൻഡോറിൽ പിതാവിനും സഹോദരനുമൊപ്പമാണ് വൈശാലി താമസിച്ചിരുന്നത്. രാവിലെ വൈശാലിയെ കാണാതിരുന്നതിനെ തുടർന്നു പിതാവ് അന്വേഷിച്ചെത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

2015ൽ യേ രിസ്താ ക്യാ കെഹ്‌ലാത ഹേ എന്ന സീരിയലിലൂടെയാണ് വൈശാലി അഭിനയരംഗത്തേക്ക് എത്തുന്നത്. ബിഗ്ബോസ് താരം നിഷാന്ത് മൽക്കാനി നായികയായ ‘രക്ഷാബന്ധൻ’ എന്ന പരമ്പരയിലാണ് അവസാനം അഭിനയിച്ചത്. ഇൻസ്റ്റഗ്രാമിൽ അവസാനം പങ്കുവച്ചത് തമാശനിറഞ്ഞ റീലുകളും വിഡിയോകളുമാണെന്നും വൈശാലിയുടെ മരണം വിശ്വസിക്കാനാകുന്നില്ലെന്നും ആരാധകർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *