ഷാഫി വാങ്ങിയത് ആറുലക്ഷം രൂപ; മൂന്നാമത്തെ ഇരയെ കണ്ടെത്താന്‍ തിരച്ചിലും ആരംഭിച്ചു

കൊച്ചി: നരബലി സംഭവത്തിനു മുന്നേ മുഖ്യ പ്രതി മുഹമ്മദ് ഷാഫി രണ്ടും മൂന്നും പ്രതികളായ ഭഗവല്‍ സിങ്ങിന്റെയും ഭാര്യ ലൈലയുടെയും കൈയില്‍ നിന്ന് ആറുലക്ഷം രൂപ കൈപ്പറ്റിയതായി അന്വേഷണത്തില്‍ വ്യക്തമായി.

തുടക്കത്തില്‍ സാമ്പത്തിക ഇടപാടു സംബന്ധിച്ച കൃത്യമായ കണക്ക് പോലീസിന് ലഭിച്ചിരുന്നില്ല. 6,000 രൂപ മാത്രമേ വാങ്ങിയിട്ടുള്ളൂ എന്നായിരുന്നു ആദ്യ മൊഴി. തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യലിനിടെയാണ് ഇത്രയും തുക വാങ്ങിയ കാര്യം ഷാഫി സമ്മതിച്ചത്. സിദ്ധനെക്കൊണ്ട് പൂജ നടത്തിയാല്‍ സാമ്പത്തിക നേട്ടവും ഐശ്വര്യവും ലഭിക്കുമെന്ന് ഇരുവരെയും വിശ്വസിപ്പിച്ചു. സിദ്ധനെന്ന പേരില്‍ ഷാഫി തന്നെയെത്തി പണം തട്ടിയെടുത്തു. ആദ്യം മൂന്ന് ലക്ഷം വാങ്ങി. വീണ്ടും പണം വേണമെന്ന് ഷാഫി നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് രണ്ടും പിന്നീട് ഒരു ലക്ഷവും കൈമാറി.

മൂന്നാമത്തെ ഇരയെ കണ്ടെത്താനുള്ള തിരച്ചില്‍ ആരംഭിച്ചതായും ചോദ്യം ചെയ്യലില്‍ ഷാഫി സൂചന നല്‍കിയതായാണ് വിവരം. പത്മയുടെ കൊലപാതകത്തെ തുടര്‍ന്ന് പ്രതികളെ പിടിക്കാതിരുന്നെങ്കില്‍ മൂന്നാമതും കൊലപാതകം നടത്തിയേനെയെന്ന് പോലീസിന് സൂചന കിട്ടി.

Leave a Reply

Your email address will not be published. Required fields are marked *