കോഴിക്കോട്ട്  വീടുവിട്ടിറങ്ങിയ 17കാരിയെ ലോഡ്ജിലെത്തിച്ച് പൂട്ടിയിട്ടു; മലപ്പുറം സ്വദേശിയായ 53കാരൻ പിടിയിൽ

കോഴിക്കോട്: റെയിൽവേ സ്റ്റേഷൻ പരിസരത്തെ ലോഡ്ജിൽ പൂട്ടിയിട്ട പതിനേഴുകാരിയെ പൊലീസ് മോചിപ്പിച്ചു. വീട് വീട്ടിറങ്ങിയ പെൺകുട്ടിയെ സഹായിക്കാമെന്ന വാഗ്ദാനം നൽകി ലോഡ്ജിൽ എത്തിച്ച മലപ്പുറം തിരൂരങ്ങാടി സ്വദേശി ഉസ്മാന്‍ അറസ്റ്റിലായി. വെള്ളിയാഴ്ച രാത്രി കോഴിക്കോട് നഗരത്തിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ലോഡ്ജിൽ പെൺകുട്ടിയെ കണ്ടെത്തിയത്.

വീട്ടിൽനിന്നു പിണങ്ങിയിറങ്ങിയ പെൺകുട്ടി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു. റെയിൽവേ സ്റ്റേഷനിൽ വെച്ച് പെൺകുട്ടിയെ പരിചയപ്പെട്ട മലപ്പുറം സ്വദേശി ഉസ്മാൻ സഹായ വാഗ്ദാനം നൽകി. അതിന് ശേഷമാണ് തൊട്ടടുത്തുള്ള ലോഡ്ജിൽ മുറിയെടുത്തത്. പിതാവും മകളുമാണെന്ന് ലോഡ്ജുകാരെ തെറ്റിദ്ധരിപ്പിച്ചാണ് അമ്പത്തിമൂന്നുകാരനായ ഉസ്മാൻ മുറിയെടുത്തത്.

അതിന് ശേഷം കുട്ടിയെ മുറിയിൽ പൂട്ടിയിടുകയായിരുന്നു. കോഴിക്കോട് ടൗൺ പൊലീസ് എത്തിയാണ് പെൺകുട്ടിയെ മോചിപ്പിച്ചത്. ഉസ്‍മാനെ പോക്സോ വകുപ്പ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പെൺകുട്ടിയെ ബാലികാമന്ദിരത്തിൽ പ്രവേശിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *