പാണ്ടിക്കാട് (മലപ്പുറം) ∙ യുവതിക്കുനേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശിനി ഹഷാന ഷെറിന് (27) നേരെയാണ് വണ്ടൂർ കൂരാട് സ്വദേശിയായ ഭർത്താവ് ഷാനവാസ് (30) ആസിഡ് ആക്രമണം നടത്തിയത്.

ഇന്നലെ പുലർച്ചെ പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിലാണു സംഭവം. തട്ടിമാറ്റുന്നതിനിടയിൽ പൊള്ളലേറ്റ ഷാനവാസും മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊലീസ് കസ്റ്റഡിയിൽ ചികിത്സയിലാണ്.

കുടുംബപ്രശ്നങ്ങളെ തുടർന്ന് ഇരുവരും ഏതാനും മാസങ്ങളായി പിരിഞ്ഞുകഴിയുകയാണ്. ഇന്നലെ പുലർച്ചെ മൂന്നോടെ ചെമ്പ്രശ്ശേരി അമ്പലക്കള്ളിയിലെ ഹഷാനയുടെ വീട്ടിലെത്തിയ ഷാനവാസ്, ഹഷാനയുടെ തലയിലൂടെ ആസിഡ് ഒഴിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഹഷാനയ്ക്ക് 60 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്.

ആക്രമണം ചെറുക്കുന്നതിനിടെ ഹഷാനയുടെ പിതാവിനും മാതാവിനും സഹോദരിക്കും ചെറിയ രീതിയിൽ പൊള്ളലേറ്റു. പാണ്ടിക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *