മേലാറ്റൂർ: ലെഗിന്‍സ് ധരിച്ച് സ്കൂളില്‍ വന്നതിന് പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്ന് അധ്യാപികയുടെ പരാതി. മലപ്പുറം എടപ്പറ്റ സി.കെ.എച്ച്.എം ഗവ. ഹൈസ്കൂൾ അധ്യാപിക സരിത രവീന്ദ്രനാഥാണ് പ്രധാനാധ്യാപിക റംലത്തിനെതിരെ ഡി.ഇ.ഒക്ക് പരാതി നല്‍കിയത്.
ഹിന്ദി ടീച്ചറായ സരിത കഴിഞ്ഞ ദിവസം ഓഫിസ് റൂമില്‍ ഒപ്പിടാനെത്തിയപ്പോള്‍ വസ്ത്രധാരണത്തെക്കുറിച്ച് പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്നാണ് പരാതി. ലെഗിന്‍സ് മാന്യതക്ക് നിരക്കാത്ത വസ്ത്രമാണെന്നും അധ്യാപിക ലെഗിന്‍സ് ധരിച്ചെത്തുന്നത് കണ്ടിട്ടാണ് വിദ്യാര്‍ഥികള്‍ യൂനിഫോം ധരിക്കാത്തതെന്ന് ആക്ഷേപിച്ചെന്നും അധ്യാപിക പറഞ്ഞു.
പ്രധാനാധ്യാപികയുടെ ചില പരാമര്‍ശങ്ങള്‍ മാനസികപ്രയാസമുണ്ടാക്കിയെന്നും ടീച്ചറുടെ പരാതിയില്‍ പറയുന്നു. വണ്ടൂര്‍ ഡി.ഇ.ഒക്ക് ഇ-മെയില്‍ വഴിയാണ് പരാതി അയച്ചത്.
എന്നാല്‍, വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും വകുപ്പ് മേധാവികൾ വിശദീകരണം ചോദിച്ചാൽ അതിന് മറുപടി നൽകുമെന്നും പ്രധാനാധ്യാപിക റംലത്ത് പറഞ്ഞു.

