ഗുവാഹാട്ടി: അസമില്‍ യുവതിയെ കൊലപ്പെടുത്തി പത്ത് മാസം പ്രായമായ കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തില്‍ ദമ്പതിമാരുള്‍പ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ദമ്പതിമാരുടെ മകന്‍, കൊല്ലപ്പെട്ട യുവതിയുടെ അമ്മ എന്നിവരാണ് അറസ്റ്റിലായ മറ്റു രണ്ടുപേര്‍. കുട്ടികളില്ലാത്ത തങ്ങളുടെ മകള്‍ക്ക് കുഞ്ഞിനെ കൈക്കലാക്കി നല്‍കുന്നതിനാണ് ദമ്പതിമാര്‍ കൊലപാതകം നടത്തിയതെന്ന് പോലീസ് അറിയിച്ചു.

നിതുമോനി ലുഖുരഖോന്‍ എന്ന യുവതിയെ കുഞ്ഞിനോടൊപ്പം ഡിസംബര്‍ 19ന് വൈകുന്നേരം മുതല്‍ സിമലുഗുരിയില്‍ നിന്ന് കാണാതാവുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ചാരായിദേവ് ജില്ലയിലെ രാജാബാരി ടീ എസ്‌റ്റേറ്റില്‍ കൊല്ലപ്പെട്ട നിലയിലാണ് യുവതിയെ കണ്ടെത്തിയത്. സിമലുഗുരി, ശിവസാഗര്‍, ചരായിദേവ്, ജോര്‍ഹത് എന്നിവടങ്ങളില്‍ നിന്നുള്ള സംയുക്തപോലീസ് സംഘത്തിന്റെ അവസരോചിത ഇടപെടലില്‍ കുഞ്ഞിനെ ജോര്‍ഹതില്‍ നിന്ന് വീണ്ടെടുത്തു.

പ്രണാലി ഗൊഗോയ് എന്ന ഹീരാമയി, ഭര്‍ത്താവ് ബസന്ത ഗൊഗോയ് എന്നിവരെ സിമലുഗുരി റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് ചൊവ്വാഴ്ച തന്നെ പോലീസ് അറസ്റ്റ് ചെയ്തു. ഹിമാചല്‍ പ്രദേശില്‍ താമസിക്കുന്ന ഇവരുടെ മകളുടെ അടുത്തേക്ക് കുഞ്ഞിനെ കടത്താനായിരുന്നു പദ്ധതിയെന്നാണ് പോലീസിന്റെ നിഗമനം. ദമ്പതിമാരുടെ മകന്‍ പ്രശാന്ത ഗൊഗോയ്, നിതുമോനിയുടെ അമ്മ ബോബി ലുഖുരഖോന്‍ എന്നിവരെ അതിനടുത്ത ദിവസമാണ് അറസ്റ്റ് ചെയ്തത്. നിതുമോനിയെ കൊലപ്പെടുത്തി കുഞ്ഞിനെ തട്ടിയെടുക്കാന്‍ ഇവര്‍ നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു. വിവാഹിതയായ മകള്‍ക്ക് കുട്ടികളുണ്ടാകാത്തതിനാല്‍ കുഞ്ഞ് വേണമെന്നുള്ള മകളുടെ ആഗ്രഹം നടത്തിക്കൊടുക്കാനാണ് ഹീരാമയിയും ബസന്തും കടുംകൈയ്ക്ക് മുതിര്‍ന്നത്. തട്ടിയെടുത്ത കുഞ്ഞുമായി പ്രശാന്ത ട്രെയിനില്‍ കയറിയെങ്കിലും പിടിയിലാകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *