മുംബൈ: ഏറ്റവും കൂടുതല്‍ നിരോധിത നോട്ടുകള്‍ നിക്ഷേപിച്ചത് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായിരുന്ന സഹകരണ ബാങ്കിലാണെന്ന് റിപ്പോര്‍ട്ട്. നോട്ട് നിരോധനകാലത്ത് ഏറ്റവും കൂടുതല്‍ 1000, 500 രൂപയുടെ കറന്‍സികള്‍ നിക്ഷേപിക്കപ്പെട്ട ജില്ലാ സഹകരണ ബാങ്കുകളുടെ പട്ടികയിലാണ് അമിത് ഷായുടെ ബാങ്ക് ഒന്നാം സ്ഥാനം നേടിയത്. മുംബൈയിലെ വിവരാവകാശ പ്രവര്‍ത്തകന്‍ നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്.

നോട്ട് നിരോധനം നിലവില്‍ വന്ന് അഞ്ച് ദിവസത്തിനുള്ളില്‍ അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കില്‍ 745.59 കോടി രൂപ നിക്ഷേപിക്കപ്പെട്ടുവെന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. നോട്ട് നിരോധനത്തിന് അഞ്ച് ദിവസത്തിന് ശേഷം സഹകരണ ബാങ്കുകള്‍ക്ക് നിരോധിക്കപ്പെട്ട നോട്ടുകള്‍ സ്വീകരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

സഹകരണ ബാങ്കുകളുടെ കള്ളപ്പണം വെളുപ്പിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടായിരുന്നു നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍, ഈ തീരുമാനം നിലവില്‍ വരുന്നതിന് മുമ്പ് തന്നെ അമിത് ഷായുടെ ബാങ്കില്‍ കോടികള്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്.

മാത്രമല്ല, അഹമ്മദാബാദ് ബാങ്കിന് പുറമെ രാജ്‌കോട്ടിലെ ജില്ലാ സഹകരണ ബാങ്കില്‍ അഞ്ച് ദിവസത്തിനുള്ളില്‍ 693.19 കോടിയാണ് നിക്ഷേപിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ ഡയറക്ടര്‍മാരിലൊരാളായ ജയേഷ്ഭായി വിത്തല്‍ഭായി രാധാധിയ ഗുജറാത്ത് മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രിയാണ്.

Leave a Reply

Your email address will not be published. Required fields are marked *