കണ്ണൂരിൽ പ്രസവവേദനയെ തുടര്‍ന്ന് ഗർഭിണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ കാറിന് തീപിടിച്ചു; ഗർഭിണിയടക്കം രണ്ടുപേർ മരിച്ചു

കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിക്കു സമീപം ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഗർഭിണിയും ഭർത്താവും മരിച്ചു. കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. പ്രസവവേദനയെ തുടര്‍ന്ന് റീഷയെ കുറ്റ്യാട്ടൂരിലെ വീട്ടിൽ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് കാറിൽ കൊണ്ട് വരുമ്പോഴായിരുന്നു അപകടം.

മരിച്ച രണ്ടുപേരും കാറിന്റെ മുൻസീറ്റിലായിരുന്നു. കാറിന്റെ പിൻസീറ്റിൽ ഉണ്ടായിരുന്ന കുട്ടി ഉൾപ്പെടെ രണ്ടുപേർ രക്ഷപ്പെട്ടു. ആശുപത്രിയിൽ എത്തുന്നതിനു തൊട്ടുമുൻപാണ് കാർ കത്തിയത്. ഷോർട്ട് സർക്യൂട്ടാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കാറിന്റെ വലത് വശത്തുനിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചത്, തീ ഉയരുന്നതിനിടെ പുറകിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. തീ പിടിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ച ശേഷമാണ് ഇരുവരേയും പുറത്തെടുക്കാനായത്.

Leave a Reply

Your email address will not be published. Required fields are marked *