മുംബൈ: മഹാരാഷ്ട്രയില്‍ പ്ലാസ്റ്റിക് നിരോധനം ഇന്ന് മുതല്‍ നിലവില്‍ വരും. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന് വേണ്ടി മാര്‍ച്ച് 23 ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. വിജ്ഞാപനത്തിലൂടെ പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം, വില്‍പ്പന, നിര്‍മാണം, സൂക്ഷിപ്പ് എന്നിവക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് കാരി ബാഗുകള്‍, പ്ലാസ്റ്റിക് പൗച്ചുകള്‍, ഒരിക്കല്‍ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍,പ്ലാസ്റ്റിക് സ്പൂണ്‍,പ്ലേറ്റ്, മറ്റ് ഡിസ്‌പോസിബിള്‍ ഇനങ്ങള്‍, തെര്‍മോക്കോള്‍ എന്നിവക്കെല്ലാം നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മരുന്നുകള്‍, പാല്‍ എന്നിവക്ക് വേണ്ടി ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനെ നിരോധനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

നിരോധനം ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴശിക്ഷ ലഭിക്കും. ആദ്യത്തെ തവണ പ്ലാസ്റ്റിക് നിരോധനം ലംഘിക്കുന്നവര്‍ക്ക് 5000 രൂപയും രണ്ടാം തവണ ലംഘിക്കുന്നവര്‍ക്ക് 10000 രൂപയും മൂന്നാമത് ലംഘിക്കുന്നവര്‍ക്ക് 25000 രൂപയുമാണ് പിഴ ശിക്ഷ. ഇതിനൊപ്പം മൂന്ന് മാസം വരെ തടവ് ശിക്ഷയും ലഭിക്കും. പഴയ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ തിരികെ നല്‍കാനും മുംബൈ കോര്‍പ്പറേഷന്‍ സമയം അനുവദിച്ചിട്ടുണ്ട്.

മഹാരാഷ്ട്ര മാലിന്യ നിയന്ത്രണ ബോര്‍ഡാണ് (എംപിസിബി) ആണ് നിരോധനം നടപ്പിലാക്കുക. തിങ്കളാഴ്ച മുതല്‍ ഇതുസംബന്ധിച്ച പരിശോധനകള്‍ കര്‍ശനമാക്കുമെന്നും കോര്‍പ്പറേഷന്‍ അറിയിച്ചു. കോര്‍പ്പറേഷന്റെ നേതൃത്വത്തിലുള്ള പ്രത്യേക സക്വാഡുകളായിരിക്കും പരിശോധന നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *