മുംബൈ: നിറത്തിന്റെ പേരില്‍ വീട്ടുകാരുടെ ഭാഗത്തു നിന്നുണ്ടായ കുത്തുവാക്കില്‍ മനംനൊന്ത് കുടുംബ സല്‍ക്കാരത്തിനിടയില്‍ അഞ്ചുപേരെ ഭക്ഷണത്തില്‍ വിഷം നല്‍കി കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍.

പ്രാന്ധ്യ എന്നുവിളിക്കുന്ന ജ്യോതി സുരേഷ് സര്‍വാസെ ആണ് അറസ്റ്റിലായിരിക്കുന്നത്. മഹാരാഷ്ട്രയിലെ റായ്ഗഡിലാണ് സംഭവം. ഏഴിനും പതിമൂന്നിനും ഇടയില്‍ പ്രായമുള്ള നാലുകുട്ടികളും അമ്പത്തിമൂന്നുകാരനുമാണ് വിഷം കലര്‍ന്ന ഭക്ഷണം കഴിച്ചു മരിച്ചത്.

നിറം കുറഞ്ഞതിന്റെ പേരിലും പാചകം അറിയില്ലെന്ന പേരിലും പ്രാന്ധ്യയെ വീട്ടുകാര്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതാണ് കൊലപാതകം ചെയ്യാന്‍ പ്രാന്ധ്യയെ പ്രേരിപ്പിച്ചത്. ബന്ധുവായ സുഭാഷ് മാനെയുടെ ഗൃഹപ്രവേശന സല്‍ക്കാരത്തില്‍ പരിപ്പുകറി വെക്കുന്നതിനിടെ പ്രാന്ധ്യ അതില്‍ കീടനാശിനി ചേര്‍ക്കുകയായിരുന്നു.

ജൂണ്‍ പതിനെട്ടിനായിരുന്നു സല്‍ക്കാരം നടന്നത്. യുവതിയുടെ ബന്ധുക്കളില്‍ രണ്ടുപേരും സംഭവത്തില്‍ മരിച്ചിട്ടുണ്ട്. രണ്ടുവര്‍ഷം മുമ്പു വിവാഹിതയായ പ്രാന്ധ്യയെ വീട്ടുകാരും ബന്ധുക്കളും അവഹേളിക്കുന്നത് തുടര്‍ന്നതോടെയാണ് പ്രതികാരമെന്നോണം അവരെയെല്ലാം വിഷം നല്‍കി കൊല്ലാന്‍ പ്രതി തീരുമാനിച്ചതെന്ന് റായ്ഗഡ് എസ്പി അനില്‍ പരസ്‌കര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *