കത്തിച്ച് വച്ച മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്നു, ഗൃഹനാഥന് ഗുരുതര പൊള്ളല്‍

തിരുവനന്തപുരം: രാത്രി മുറിയിലുണ്ടായ അഗ്നിബാധയില്‍ ഗൃഹനാഥന് ഗുരുതരമായി പൊള്ളലേറ്റു. കാര്യവട്ടം പിണയ്ക്കോട്ടുകോണം രാജേഷ് ഭവനിൽ സോമനെ (71) ആണ് ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി ഒരു മണിയോടെ സോമൻ കിടന്നുറങ്ങുകയായിരുന്ന മുറിയിൽ നിന്നും തീ പടരുകയായിരുന്നു.

വൈദ്യുതിയില്ലാത്തതിനാൽ കത്തിച്ചു വച്ച മെഴുകുതിരിയിൽ നിന്നാകാം തീ പടർന്നതെന്നാണ് കരുതുന്നത്. മുറിക്കുള്ളിലെ സകല വസ്തുക്കളും കത്തിനശിച്ചു. തീ പിടിച്ച ജനാല തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന സോമന്റെ ഭാര്യ അമ്പിളിയുടെ ദേഹത്ത് വീണപ്പോഴായിരുന്നു മറ്റുള്ളവർ തീപിടിച്ചത് അറിഞ്ഞത്. അപ്പോഴേക്കും വീട് മുഴുവൻ പുക നിറഞ്ഞിരുന്നു. സോമന്റെ നിലവിളി കേട്ട മക്കളും അയൽവാസികളും ചേർന്നാണ് ഇയാളെ രക്ഷപ്പെടുത്തിയത്. 60 ശതമാനം പൊള്ളലേറ്റ സോമനെ മെഡി.കോളേജ് ബേൺ ഐസിയുവിൽ പ്രവേശിപ്പിച്ചു. കഴക്കൂട്ടത്തു നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് തീയണച്ചത്.

Leave a Reply

Your email address will not be published. Required fields are marked *