കണ്ണൂർ: സംസ്ഥാനത്തേക്ക് തോക്ക് കടത്താൻ ശ്രമിച്ച കേസിൽ ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയെ കസ്റ്റഡിയിൽ എടുത്ത് കർണാടക പോലീസ്. ജീവപര്യന്തം ശിക്ഷ ലഭിച്ച് തടവിൽ കഴിയുന്ന പ്രതി ടി.കെ രജീഷിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. തോക്ക് കടത്താൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് രണ്ട് മലയാളികളെ കർണാടക പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രജീഷിനെ കസ്റ്റഡിയിൽ എടുത്തത്.
ജീവപര്യന്തം തടവിന് ശിക്ഷിപ്പെട്ട രജീഷ് കണ്ണൂർ സെൻട്രൽ ജയിലിലാണ് ഉള്ളത്. ഇവിടെയെത്തി പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. രജീഷിനെ ബംഗളൂരുവിൽ എത്തിച്ച് ചോദ്യം ചെയ്യുകയാണ്.
രജീഷിൻറെ നിർദ്ദേശ പ്രകാരമാണ് തോക്ക് കടത്തിയതെന്നാണ് അറസ്റ്റിലായവർ പോലീസിനോട് പറഞ്ഞിരിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കുന്നതിന് വേണ്ടിയും തുടർ നടപടികൾ സ്വീകരിക്കുന്നതിനും വേണ്ടിയാണ് പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

