ഡല്‍ഹി: ഡല്‍ഹിയെ നടുക്കി വീണ്ടും കൂട്ടബലാത്സംഗം. സുഹൃത്തിനൊപ്പം പാര്‍ക്കിലെത്തിയ പതിനാറുകാരിയെയാണ് സംഘം ബലാത്സംഗം ചെയ്തത്. ഡല്‍ഹിയിലെ ഷഹ്ബാദ് ഡയറിയിലാണ്  സംഭവം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഡല്‍ഹിയില്‍ നിന്ന് സമാനമായ സംഭവം കേള്‍ക്കുന്നത് രണ്ടാം തവണയാണ്. സംഭവത്തില്‍ മൂന്നുപേര്‍ പിടിയിലായതായി പൊലീസ് വ്യക്തമാക്കി. പ്രതികളിലൊരാള്‍ ഒളിവിലാണ്.

ഇരയായ പെൺകുട്ടി തന്റെ സുഹൃത്തിനൊപ്പം പാർക്കിൽ ഇരിക്കുമ്പോൾ മൂന്ന് പേർ വന്ന് മാറിമാറി ബലാത്സംഗം ചെയ്ത ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തെന്നാണ് വിവരം. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രതികള്‍ക്ക് പെണ്‍കുട്ടിയേയോ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനേയോ ഇതിനുമുന്‍പ് പരിചയമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 ഡി (കൂട്ടബലാത്സംഗം), കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണം (പോക്‌സോ) എന്നിവ ഉൾപ്പെടെയുള്ള മൂന്ന് വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബലാത്സംഗം, സ്ത്രീകള്‍ക്കെതിരായ അതിക്രമം എന്നീ സംഭവങ്ങളില്‍ 31,000 കേസുകളാണ് ദേശീയ വനിതാകമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തത്. അതില്‍ 54 ശതമാനം കേസുകളും ഉത്തര്‍പ്രദേശില്‍. പത്ത് ശതമാനം ഡല്‍ഹിയില്‍. കൃത്യമായിപ്പറഞ്ഞാല്‍ യുപിയില്‍ നിന്ന് 16,872 കേസുകളും ഡല്‍ഹിയില്‍ നിന്ന് 3,004 കേസുകളും ഹരിയാണയില്‍ നിന്ന് 1,362 കേസുകളും വനിതാ കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *