ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ കൊട്ടേഷന്‍ സംഘം നടുറോഡില്‍ വെട്ടിക്കൊന്നു;  ഹർത്താൽ

ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ക്രിമിനല്‍ കൊട്ടേഷന്‍ സംഘം വെട്ടിക്കൊന്നു. ഡിവൈഎഫ്ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗമായിരുന്ന പുതുപ്പള്ളി പത്തിശേരി സ്വദേശി അമ്പാടിയെ (21) ആണ് നാലംഗ ക്രിമിനല്‍ കൊട്ടേഷന്‍ സംഘം നടുറോഡില്‍ വെട്ടിക്കൊന്നത്. ചെവ്വാഴ്‌ച വൈകീട്ട് ആറു മണിയോടെയാണ് സംഭവം.

കാപ്പില്‍ കളത്തട്ട് ജംഗ്ഷനില്‍ വച്ച് നാലു ബൈക്കുകളിലായി എത്തിയ സംഘം അമ്പാടിയെ മാരകമായി വെട്ടി പരികേല്‍പ്പിക്കുകയായിരുന്നു. അമ്പാടിയുടെ കഴുത്തിനും കൈക്കും വെട്ടേറ്റിരുന്നു. കഴുത്തിനേറ്റ വെട്ടാണ് മരണകാരണം.

വാഹനം തട്ടിയതുമായി ബന്ധപ്പെട്ടിട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയും സിപിഎമ്മും ദേവികുളങ്ങര ഗ്രാമപഞ്ചായത്തിൽ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ ഹർത്താൽ പ്രഖ്യാപിച്ചു.

അമ്പാടിയുടെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പുതുപ്പള്ളി പത്തിശേരി കടക്കക്കാവിൽ വേലശേരിൽ സന്തോഷ് ശകുന്തള – ദമ്പതികളുടെ മകനാണ് അമ്പാടി.

Leave a Reply

Your email address will not be published. Required fields are marked *