രാത്രി ജോലി കഴിഞ്ഞ് മടങ്ങവെ ചായ കുടിക്കാനിറങ്ങി, കണ്ടെയ്‌നര്‍ ലോറി ബൈക്കിലിടിച്ച് ഹൗസ് സര്‍ജന് ദാരുണാന്ത്യം, സഹപ്രവര്‍ത്തകയ്ക്ക് പരിക്ക്

അമ്പലപ്പുഴ: കണ്ടെയ്‌നര്‍ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ ഹൗസ് സര്‍ജന് ദാരുണാന്ത്യം. ആലപ്പുഴയിലാണ് സംഭവം. ആലപ്പുഴ കൈചൂണ്ടി ജംഗ്ഷന്‍ പടിഞ്ഞാറ് പൂന്തോപ്പ് വാര്‍ഡില്‍ നൂര്‍ മന്‍സില്‍ റിട്ട. പഞ്ചായത്ത് ജീവനക്കാരന്‍ ഷാനവാസിന്റെ മകന്‍ അനസ് (25) ആണ് മരിച്ചത്.

അനസിനൊപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. അനസിനോടൊപ്പം ജോലി ചെയ്തിരുന്ന ബൈക്കിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിനി ആരതിക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ആലപ്പുഴ ദേശീയപാതയില്‍ പുന്നപ്ര കുറവന്‍തോട്ടില്‍ വെച്ചാണ് അപകടം.

ബുധനാഴ്ച രാത്രി 12.20 ഓടെയാണ് അപകടം. അടുത്തമാസം വണ്ടാനം ദന്തല്‍ കോളേജാശുപത്രിയില്‍ നിന്നും ഗ്രാജുവേഷന്‍ ലഭിക്കാനിരിക്കെയാണ് ഇരുവരും അപകടത്തില്‍പ്പെടുന്നത്. ഹൗസര്‍ജന്‍സി കഴിഞ്ഞ് ഇരുവരും ഒരു വര്‍ഷത്തെ സേവനം ചെയ്തു വരുകയായിരുന്നു.

ജോലി കഴിഞ്ഞ് കുറവന്തോട് ജംഗ്ഷന് അടുത്തുള്ള ബേക്കറിയില്‍ നിന്നും ചായ കുടിച്ചതിന് ശേഷം ഹോസ്റ്റലിലേക്ക് മടങ്ങവേയാണ് ദാരുണമായ അപകടം സംഭവിക്കുന്നത്. ഹോസ്റ്റലിന്റെ ഭാഗത്തേക്കുള്ള റോഡിലേക്ക് ബൈക്കില്‍ ദേശീയപാത മുറിച്ച് കടക്കാന്‍ നില്‍ക്കുന്നതിനിടെ കണ്ടെയ്‌നനര്‍ ലോറി ഇടിക്കുകയായിരുന്നു.

ബൈക്കില്‍ നിന്നും തെറിച്ചുവീണ അനസ് ലോറിക്കടിയില്‍പ്പെട്ട് സംഭവസ്ഥലത്തുവെച്ച് മരിച്ചു. ആരതിക്ക് നിസാര പരിക്കുണ്ട്. ആശുപത്രിയില്‍ ചികിത്സയിലാണ് ആരതി. സുബീനയാണ് അനസിന്റെ മാതാവ്. സഹോദരി അഞ്ചു.

Leave a Reply

Your email address will not be published. Required fields are marked *