‘മധ്യവയസ്കയായ  ആ സ്ത്രീ എന്നെ കെട്ടിപ്പിടിച്ചു, ചെവിയിൽ നക്കി; പുരുഷന്മാരും ലൈംഗികാതിക്രമം നേരിടുന്നു’

മധ്യവയസ്കയായ സ്ത്രീയിൽ നിന്നു ലൈംഗികാതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടെന്നു വെളിപ്പെടുത്തി ഗായകനും നടനുമായ ഹാര്‍ഡി സന്ധു. രണ്ട് വർഷം മുൻപ് ഒരു വിവാഹ പാർട്ടിയിൽ പാടാനെത്തിയപ്പോഴാണ് അത്തരമൊരു ദുരനുഭവം ഉണ്ടായത്. സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും ലൈംഗികാതിക്രമങ്ങൾ നേരിടുന്നുണ്ടെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും ഹാർഡി സന്ധു പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ഹാർഡിയുടെ വെളിപ്പെടുത്തൽ

‘ഏകദേശം രണ്ട് വർഷം മുൻപാണ് സംഭവം. ഒരു വിവാഹ പാർട്ടിക്കിടെ ഞാൻ വേദിയിൽ പാട്ട് പാടുകയായിരുന്നു. വേദിക്കു മുന്നിലായി ഒരു സ്ത്രീ പാട്ടിനൊപ്പം നൃത്തം വയ്ക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു. അവർക്ക് ഉദ്ദേശം 45 വയസ്സുണ്ടാകും. എനിക്കൊപ്പം വേദിയിൽ വന്ന് നൃത്തം ചെയ്തോട്ടെയെന്ന് അവർ ചോദിച്ചു. പക്ഷേ ഞാനത് നിരസിച്ചു. കാരണം, ഒരാൾക്ക് അങ്ങനെയൊരു അവസരം കൊടുത്താൽ വീണ്ടും അതേ ആവശ്യം ഉന്നയിച്ച് പലരും വരുമെന്ന് എനിക്കു തോന്നി. പക്ഷേ അവര്‍ അത് അംഗീകരിക്കാൻ ഒരുക്കമായിരുന്നില്ല. വീണ്ടും നിർബന്ധിച്ചപ്പോൾ മനസ്സില്ലാ മനസ്സോടെ എനിക്കതു സമ്മതിക്കേണ്ടി വന്നു.

ഒരു പാട്ടിന്റെ തുടക്കം മുതൽ ഒടുക്കം വരെ ഞങ്ങൾ ഒരുമിച്ചു നൃത്തം ചെയ്തു. ‘‘നിങ്ങൾക്കു സന്തോഷമായില്ലേ’’ എന്നു ഞാൻ ചോദിച്ചപ്പോൾ, എന്നെ ഒന്നു കെട്ടിപ്പിടിച്ചോട്ടെ എന്നായി അവരുടെ മറുചോദ്യം. ഞാൻ സമ്മതിച്ചു. കെട്ടിപ്പിടിക്കുന്നതിടയിൽ അവർ എന്റെ നാവിലും ചെവിയിലും നക്കി. അനാവശ്യമായ ആ സ്പർശനം എനിക്ക് അരോചകമായി തോന്നി. ഇതേ സമീപനം ഒരു പുരുഷനിൽ നിന്നു സ്ത്രീക്കാണ് നേരിടേണ്ടി വന്നതെങ്കിലോ? എന്തായിരിക്കും പിന്നീട് സംഭവിക്കുകയെന്നു ഞാൻ പറഞ്ഞു തരേണ്ടതില്ലല്ലോ? ഇവിടെ സ്ത്രീകൾക്കെതിരെ മാത്രമല്ല, പുരുഷന്മാർക്കെതിരെയും ഇത്തരം ലൈംഗികാതിക്രമ ശ്രമങ്ങൾ നടക്കുന്നുണ്ട്’, ഹാര്‍ഡി സന്ധു പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *