നെയ്മറിന്റെ കാമുകിയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോകാൻ ശ്രമം: മാതാപിതാക്കളെ കെട്ടിയിട്ട് വീട് കൊള്ളയടിച്ചു

ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മറിന്റെ കാമുകി ബ്രൂണ ബിയാൻകാർഡിയെയും നവജാത ശിശുവിനേയും തട്ടിക്കൊണ്ടുപോകാൻ ശ്രമം. സാവോപോളോയിലുള്ള ബ്രൂണയുടെ വീട്ടിലേക്ക് മൂന്നു പേർ അതിക്രമിച്ചു കയറുകയായിരുന്നു. ഈ സമയത്തും ഇരുവരും വീട്ടിൽ ഉണ്ടായിരുന്നില്ല. തുടർന്ന് അക്രമികൾ വീട് കൊള്ളയടിക്കുകയായിരുന്നു.

ആയുധധാരികളായ മൂന്ന് യുവാക്കൾ വീട്ടിലേക്ക് അതിക്രമിച്ചു കയറി ബ്രൂണയെയും കുഞ്ഞിനേയും തിരക്കി. ഇരുവരും വീട്ടിൽ ഇല്ലെന്ന് അറിഞ്ഞതോടെ വീട്ടിലുണ്ടായിരുന്ന ബ്രൂണയുടെ അച്ഛനേയും അമ്മയേയും കെട്ടിയിട്ട് വിലപിടിപ്പുള്ള പലതും അപഹരിച്ചു. ഇരുവര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. വീട്ടില്‍നിന്ന് ശബ്ദമുയരാന്‍ തുടങ്ങിയതോടെ അയല്‍വാസികളാണ് പൊലീസിനെ വിവരമറിയിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് 20കാരൻ അറസ്റ്റിലായി. അക്രമികളിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബ്രൂണയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാനായാണ് മൂവര്‍ സംഘം വീട്ടില്‍ അതിക്രമിച്ചുകടന്നതെന്നാണ് പുറത്തുവരുന്ന വിവരം.പഴ്‌സുകള്‍, വാച്ചുകള്‍, ആഭരണങ്ങള്‍ എന്നിവയാണ് കള്ളന്മാര്‍ മോഷ്ടിച്ചത്. മോഷ്ടിച്ച സാധനങ്ങളില്‍ പലതും പൊലീസ് വീണ്ടെടുത്തു.

സംഭവത്തിൽ പ്രതികരണവുമായി നെയ്മർ രം​ഗത്തെത്തി. ഇന്ന് മോശം ദിനമാണെന്നും ബ്രൂണയുടെ മാതാപിതാക്കൾ ആക്രമിക്കപ്പട്ടെന്നുമാണ് താരം കുറിച്ചത്. കഴിഞ്ഞമാസമാണ് നെയ്മര്‍ താനൊരു പെണ്‍കുഞ്ഞിന്റെ അച്ഛനായ വിവരം ലോകത്തെ അറിയിച്ചത്. നിലവില്‍ സൗദി അറേബ്യന്‍ ക്ലബ്ബ് അല്‍ ഹിലാലിനുവേണ്ടിയാണ് നെയ്മര്‍ കളിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *