ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; അമ്മയുടെ സുഹൃത്ത് കുറ്റം സമ്മതിച്ചു

കൊച്ചി: കൊച്ചിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഒന്നരമാസം പ്രായമുളള കുഞ്ഞിന്റേത് കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിന്റെ അമ്മയുടെ സുഹൃത്ത് കണ്ണൂർ ചക്കരക്കൽ സ്വദേശി വി പി ഷാനിഫ് കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. കൊലപാതകം നടത്തിയത് താൻ ഒറ്റയ്ക്കെന്നാണ് പ്രതിയുടെ മൊഴി. എന്നാൽ കൊലപാതകത്തിൽ കുഞ്ഞിന്റെ അമ്മയുടെ പങ്ക് സംബന്ധിച്ച് ചോദ്യം ചെയ്യൽ തുടരുകയാണ്.

ഡിസംബർ ഒന്നിനാണ് ഒന്നരമാസം പ്രായമുള്ള കുഞ്ഞുമായി എരമല്ലൂർ സ്വദേശിയായ യുവതിയും കണ്ണൂർ സ്വദേശിയായ യുവാവും കറുകപ്പിള്ളിയിലെ ലോഡ്ജിൽ മുറിയെടുക്കുന്നത്. രണ്ടാം തീയതി രാവിലെ എട്ടരയോടെയാണ് അബോധാവസ്ഥയിലായ കുഞ്ഞുമായി ഇവർ ജനറൽ ആശുപത്രിയിൽ എത്തുന്നത്. തൊണ്ടയിൽ മുലപ്പാൽ കുടുങ്ങിയതായി സംശയിക്കുന്നതായാണ് ഇവർ ഡോക്ടറോട് ആദ്യം പറഞ്ഞത്. കുട്ടിയെ ന്യൂ ബോൺ ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.കുഞ്ഞിന്റെ ശരീരത്തിലെ പരിക്കുകൾ കണ്ട ഡോക്ട‍ര്‍ സംശയത്തെ തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കൊലപാതകമെന്ന വിവരം പുറത്തറിയുന്നത്. തലയോട്ടിക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുഞ്ഞ് കയ്യിൽ നിന്ന് വീണതാണെന്നാണ് ഇവർ ആദ്യം പോലീസിന് നൽകിയ മൊഴി. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് കുഞ്ഞിനെ താൻ കൊലപ്പെടുത്തിയതാണെന്ന് യുവാവ് സമ്മതിച്ചത്.

പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ ഒന്നരവർഷമായി കൊച്ചിയിൽ പലയിടത്തായി ഒന്നിച്ച് താമസിച്ചുവരികയായിരുന്നു. ഇവർ താമസിച്ചിരുന്ന കറുകപള്ളിയിലെ ലോഡ്ജ് മുറി പോലീസ് സീൽ ചെയ്തു.വിശദമായ പോസ്റ്റ്മോർട്ടത്തിനായി കുഞ്ഞിന്റെ മൃതദേഹം ഗവ. മെഡിക്കൽ കോളജിലേക്കു മാറ്റിയിരിക്കുകയാണ്. സിറ്റി പൊലീസ് അസി.കമ്മിഷണർ ജയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Leave a Reply

Your email address will not be published. Required fields are marked *