നാലു കേസിലും ജാമ്യം, രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിനു പുറത്തേക്ക്

എട്ടു ദിവസത്തെ ജയിൽവാസത്തിനു ശേഷം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്. സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട പ്രധാന കേസിൽ ഉൾപ്പെടെ നാലു കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് രാഹുലിന് പുറത്തിറങ്ങാൻ വഴിയൊരുങ്ങിയത്. ഇന്നു മാത്രം രണ്ടു കേസുകളിൽ രാഹുലിന് ജാമ്യം ലഭിച്ചു. ഡിജിപി ഓഫിസ് മാർച്ചുമായി ബന്ധപ്പെട്ട കേസ് സിജെഎം കോടതിയും സെക്രട്ടറിയേറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസ് ജില്ലാ സെഷൻസ് കോടതിയുമാണ് പരിഗണിച്ചത്. ജാമ്യ ഉപാധികൾ കോടതിയിൽ നൽകിയാൽ രാഹുലിന് ഇന്നുതന്നെ പുറത്തിറങ്ങാം.

ജയിൽമോചിതനാകുന്ന രാഹുലിനെ സ്വീകരിക്കാൻ വൻ ഒരുക്കങ്ങളാണ് യൂത്ത് കോൺഗ്രസ് നടത്തുന്നത്. രാഹുലിനെ ജനുവരി ഒൻപതിനു പുലർച്ചെ അടൂരിലെ വീട്ടിൽനിന്നാണ് പൊലീസ് അറസ്റ്റു ചെയ്തത്.

സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ 50,000 രൂപയോ തത്തുല്യമായ ആൾജാമ്യമോ നൽകണമെന്ന വ്യവസ്ഥയിലാണ് രാഹുലിനു ജാമ്യം അനുവദിച്ചത്. ആറ് ആഴ്ചത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം. ഡിജിപി ഓഫിസ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ 25,000 രൂപയോ തത്തുല്യമായ ആൾ ജാമ്യമോ വേണം. ഒരു മാസത്തേക്ക് എല്ലാ ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *