വളർത്തുമകളും കുടുംബവും ചേർന്നു മർദിച്ചു; പരാതിയുമായി നടി ഷക്കീല

ചെന്നൈ: വളർത്തു മകൾ ശീതളും കുടുംബവും മർദിച്ചെന്ന പരാതിയുമായി ചലച്ചിത്ര നടി ഷക്കീല. മർദ്ദിക്കുകയും നിലത്തു തള്ളിവീഴ്ത്തുകയും ചെയ്തെന്നാണ് പരാതി. വീട്ടിൽവച്ച് ഇന്നലെ വൈകിട്ട് ഷക്കീലയും വളർത്തു മകൾ ശീതളും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ ശീതൾ മർദിച്ചെന്നാണ് ഷക്കീലയുടെ പരാതി. ഷക്കീലയുടെ അഭിഭാഷകയായ സൗന്ദര്യയ്ക്കും മർദനമേറ്റു. സൗന്ദര്യ ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സ തേടി.

വാക്കേറ്റത്തിനു പിന്നാലെ ഷക്കീലയെ മർദിച്ച ശീതൾ അതിനു ശേഷം കോടമ്പാക്കത്തെ സ്വന്തം വീട്ടിലേക്കു പോയി. ഇതിനിടെ ഷക്കീല സുഹൃത്ത് നർമദയെയും അഭിഭാഷകയായ സൗന്ദര്യയെയും വിളിച്ച് വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ അഭിഭാഷകയെ കൂട്ടി വിഷയം സംസാരിക്കുന്നതിനായി ഷക്കീല ശീതളിനെ വീട്ടിലേക്കു വിളിച്ചുവരുത്തി. അമ്മയ്ക്കും സഹോദരിക്കും ഒപ്പം എത്തിയ ശീതൾ വീണ്ടും ആക്രമിച്ചുവെന്നാണ് പരാതിയിലുള്ളത്.

ആഷ്ട്രേ ഉപയോഗിച്ച് ഷക്കീലയുടെ തലയ്ക്കടിച്ചെന്നും, ഇടപെടാൻ ശ്രമിച്ച അഭിഭാഷകയായ സൗന്ദര്യയുടെ കയ്യിൽ കടിച്ച് പരുക്കേൽപ്പിച്ചെന്നുമാണ് പരാതിയിലുള്ളത്. ആശുപത്രിയിൽ ചികിത്സ തേടിയ അഭിഭാഷക പിന്നീട് കോയമ്പേട് പൊലീസിൽ പരാതി നൽകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *