ഭാര്യയെ ശല്യപ്പെടുത്തിയതിന് ഭർത്താവ് പെട്രോൾ ഒഴിച്ച് കത്തിച്ചു; 23കാരൻ മരിച്ചു

കൊല്ലം: ഭാര്യയെ ശല്യപ്പെടുത്തിയതിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് പെട്രോൾ ഒഴിച്ചു കത്തിച്ച യുവാവ് മരിച്ചു. കൊല്ലം ചടയമംഗലം പോരേടത്താണ് സംഭവം. കുന്നുംപുറം സ്വദേശി കലേഷ് (23) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ കലേഷ് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് സനൽ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്. സനലിന്റെ ഭാര്യയെ ശല്യപ്പെടുത്തിയതിലെ വിരോധമാണ് കൊലയ്ക്കു കാരണമെന്ന് പൊലീസ് വ്യക്തമാക്കി.

ഭാര്യയെ ശല്യം ചെയ്തുവെന്ന ആരോപണത്തിനു പിന്നാലെ പട്ടാപ്പകല്‍ പരസ്യമായി നാട്ടുകാര്‍ക്കു മുന്നില്‍ വച്ചാണ് സനൽ കലേഷിനെ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. കലേഷ് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ അതിക്രമിച്ചു കയറി ബക്കറ്റിൽ കൊണ്ടുവന്ന പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

പെട്രോൾ ഒഴിച്ചതോടെ പ്രാണരക്ഷാർഥം പുറത്തേക്ക് ഓടിയ കലേഷിന്‍റെ ദേഹത്തേക്ക്, സനൽ പന്തത്തിൽ തീകൊളുത്തി എറിയുകയായിരുന്നു. ദേഹമാസകലം തീപിടിച്ച കലേഷ് നിലവിളിയോടെ ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് കലേഷിനെ ആശുപത്രിയിൽ എത്തിച്ചത്. 80 ശതമാനം പൊള്ളലേറ്റ കലേഷിന്റെ നില അതീവ ഗുരുതരമായിരുന്നു.

സംഭവത്തിനു പിന്നാലെ സനൽ ചടയമംഗലം പൊലീസ് സ്റ്റേഷനിലത്തി കീഴടങ്ങുകയായിരുന്നു. കലേഷ് ഭാര്യയെ നിരന്തരം ശല്യം ചെയ്തിരുന്നെന്നും അതുകൊണ്ടാണ് കൊല്ലാൻ ശ്രമിച്ചതെന്നും സനൽ പൊലീസിനു മൊഴി നൽകി.

Leave a Reply

Your email address will not be published. Required fields are marked *