മലപ്പുറം: പൊന്നാനി മറൈന്‍ മ്യൂസിയത്തിന്റെ ഒന്നാംഘട്ടം നവംബറില്‍ ഉദ്ഘാടനം ചെയ്യാന്‍ മലപ്പുറം കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി.

പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങളുടെ വിശദ പഠന റിപ്പോര്‍ട്ട്് ഈ മാസം മുപ്പതിന് സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. സിംഗപ്പൂരിലെ യൂണിവേഴ്‌സല്‍ സ്റ്റുഡിയോയുടെ മാതൃകയില്‍ ടൂറിസം വകുപ്പാണ് മറൈന്‍ മ്യൂസിയം നിര്‍മിക്കുന്നത്. ചമ്രവട്ടം പ്രോജക്ട് ഓഫീസിനോട് ചേര്‍ന്നു പൊന്നാനിയില്‍ ഭാരതപ്പുഴയോരത്ത് നിര്‍മിക്കുന്ന മ്യൂസിയത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 5.36 കോടി രൂപയാണ് ചെലവ്. 4.36 കോടി രൂപ ടൂറിസം വകുപ്പും ഒരു കോടി രൂപ ഇ.ടി.മുഹമ്മദ് ബഷീര്‍ എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നുമാണ് അനുവദിച്ചിട്ടുള്ളത്. മ്യൂസിയം കെട്ടിടം, ഷാര്‍ക്ക് പൂള്‍, ബൈസിക്കിള്‍ ട്രാക്ക്, റോളര്‍ സ്‌കേറ്റിംഗ് ട്രിബ്, ടോയ്‌ലെറ്റ് ബ്ലോക്ക്, വിളക്കു കാല്‍ തുടങ്ങിയവയാണ് ഒന്നാം ഘട്ടത്തില്‍ നിര്‍മിക്കുന്നത്.

പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഒന്പതു കോടി രൂപയുടെ നിര്‍മാണം നടക്കും. കടലിനടിയിലെ അത്ഭുത ദൃശ്യങ്ങളെ അതേ രീതിയില്‍ മ്യൂസിയത്തില്‍ അവതരിപ്പിക്കുന്ന 16 ഡി ദൃശ്യചാരുതയോടെയുള്ള അക്വേറിയമാണ് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടണല്‍ വാക്കിനുള്ള സൗകര്യവും കടല്‍ ഗതാഗതവും ചരിത്രവുമായി ബന്ധപ്പെട്ട പുരാതന രേഖകള്‍ സൂക്ഷിക്കുന്ന മ്യൂസിയവും രണ്ടാം ഘട്ടത്തിലുണ്ട്. സംസ്ഥാന നിര്‍മിതി കേന്ദ്രയ്ക്കാണ് നിര്‍മാണ ചുമതല.

ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി, കളക്ടര്‍ അമിത് മീണ, അസിസ്റ്റന്റ് കളക്ടര്‍ വികല്‍പ്പ് ഭരദ്വാജ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ. പത്മകുമാര്‍, ഡിടിപിസി സെക്രട്ടറി ബിനീഷ് കുഞ്ഞപ്പന്‍, പി.ജയകുമാര്‍, എന്‍.കെ. ശ്രീലത, കണ്‌സള്‍ട്ടന്റ് കെ.കെ. ഫിലിപ്പോസ്, വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *