യാത്രയ്ക്കിടെ പ്രസവവേദന ; യുവതിയുമായി കെഎസ്ആര്‍ടിസി ബസ് ആശുപത്രിയിലേക്ക് വിട്ടു ; അത്യാഹിത വിഭാഗത്തിന് മുന്നില്‍ വെച്ച് യുവതി ബസിനുള്ളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി

മുതുവറ: കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്ര ചെയ്യവേ പ്രസവവേദന അനുഭവപ്പെട്ട യുവതി ബസിനുള്ളില്‍ പെണ്‍കുഞ്ഞിനു ജന്മംനല്‍കി. തൃശൂര്‍-തേഞ്ഞിപ്പാലം കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്രചെയ്യുന്നതിനിടെ പ്രസവവേദന അനുഭവപ്പെട്ട യുവതിയാണ് അമല മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനു മുന്നിലെത്തിയ ബസില്‍ പ്രസവിച്ചത്.

തൃശൂരില്‍നിന്നു മലപ്പുറം തിരുനാവായയിലേക്കു പോകുകയായിരുന്ന യുവതിക്കു പേരാമംഗലത്തുവച്ചാണ് കഠിനമായ വേദന അനുഭവപ്പെട്ടത്. അതേത്തുടര്‍ന്നു യുവതിയെയുംകൊണ്ട് ബസ് അമല ആശുപത്രിയിലേക്കു തിരിച്ചു. ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിനു മുന്നിലെത്തിയ ബസില്‍നിന്നു യാത്രക്കാരെ വേഗത്തില്‍ പുറത്താക്കി. ബസില്‍ കയറിയ ഡോക്ടറും നഴ്‌സുമാരും ചികിത്സ തുടങ്ങി.

അപ്പോഴേക്കും യുവതി പ്രസവിച്ചു കഴിഞ്ഞിരുന്നു. ഡോക്ടറും നഴ്‌സും ബസില്‍ വച്ചുതന്നെ പരിചരണം നല്‍കി അമ്മയെയും കുഞ്ഞിനെയും തീവ്ര പരിചരണ വിഭാഗത്തിലേക്കു മാറ്റി. 37 വയസുകാരിയായ അമ്മയും പെണ്‍കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *