അങ്കമാലിയിൽ വീടിന് തീപ്പിടിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

കൊച്ചി: അങ്കമാലിയിൽ വീടിനു തീപിടിച്ച് നാല് പേർ മരിച്ചു. അച്ഛനും അമ്മയും രണ്ടു കുട്ടികളുമാണ് മരിച്ചത്. വീടിന്റെ ഉടമസ്ഥനായ ബിനീഷ് കുര്യന്‍ (45), ഭാര്യ അനുമോൾ മാത്യു (40), ഇവരുടെ മക്കളായ ജൊവാന (8), ജസ്‌‍വിൻ (5) എന്നിവരാണ് അഗ്നിക്കിരയായത്. അങ്ങാടിക്കടവ് പറക്കുളം റോഡിലുള്ള ഇരുനില വീടിന്റെ മുകളിലത്തെ നിലയിൽ ഇന്നു പുലർച്ചെയാണ് തീപിടിച്ചത്.

താഴത്തെ നിലയിൽ കിടന്നുറങ്ങിയിരുന്ന ബിനീഷിന്റെ അമ്മ ചിന്നമ്മയാണ് തീയാളുന്നത് ആദ്യം കണ്ടത്. ഇവർ ബഹളം വച്ചതോടെ അയൽവാസികൾ ഉൾപ്പെടെ ഓടിയെത്തി തീയണയ്ക്കാൻ  ശ്രമം തുടങ്ങിയെങ്കിലും തീ ആളിപടർന്നു.  ബിനീഷും ഭാര്യയും മക്കളും കിടന്നുറങ്ങിയിരുന്ന മുറിക്കാണ് തീപിടിച്ചത്. തീ അണച്ചപ്പോഴേക്കും ഇവർ വെന്തുമരിച്ചിരുന്നു.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട് സർക്യൂട്ട് സാധ്യത പൊലീസ് പരിശോധിക്കുന്നുണ്ട്. ഫൊറൻസിക് വിദ​ഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തും. മരിച്ച ബിനീഷ് അങ്കമാലിയിലെ വ്യാപാരിയാണ്. മൂത്തകുട്ടി ജൊവാന മൂന്നാം ക്ലാസിലും രണ്ടാമത്തെ കുട്ടി ജസ്‌വിൻ ഒന്നാം ക്ലാസിലുമാണ് പഠിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *