പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; വീണ്ടും ആരോപണങ്ങൾ നിഷേധിച്ച് പരാതിക്കാരിയായ യുവതി

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ വീണ്ടും ആരോപണങ്ങൾ നിഷേധിച്ച് പരാതിക്കാരിയായ യുവതി. താൻ സുരക്ഷിതയാണെന്നും തന്നെ ആരും ഭീഷണിപ്പെടുത്തുന്നില്ലെന്നും യൂട്യൂബിലൂടെ പുറത്ത് വിട്ട പുതിയ വീഡിയോയിൽ യുവതി വെളിപ്പെടുത്തി.

സമ്മർദം കൊണ്ടാണ് വീട്ടിൽ നിന്ന് മാറി നിൽക്കുന്നത്. ഇക്കാര്യം അമ്മയെ അറിയിച്ചിരുന്നതായും യുവതി പറയുന്നു.താൻ നുണപരിശോധനയ്ക്ക് തയ്യാറാണെന്നും തന്റെ മാതാപിതാക്കൾ അതിന് തയ്യാറാണോയെന്നാണ് അറിയേണ്ടതെന്നും യുവതി പറഞ്ഞു.

താൻ പരാതി നൽകാത്തതിനാലാണ് ആദ്യം പന്തീരാങ്കാവ് പൊലീസ് കേസ് എടുക്കാതിരുന്നത്. പലഘട്ടത്തിലും ബന്ധുക്കൾ ആശയക്കുഴപ്പം ഉണ്ടാക്കി. മാധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞ് അഭിനയിക്കാൻ വീട്ടുകാർ നിർബന്ധിച്ചു.

ചാർജർ കേബിൾ വെച്ച് കഴുത്ത് ഞെരിച്ചുവെന്ന് പറഞ്ഞത് പച്ചക്കള്ളമാണ്. തന്റെ കഴുത്തിലുള്ളത് ജന്മനാ ഉള്ള പാടാണെന്നും അത് മർദനമേറ്റതിന്റെതല്ലെന്നും യുവതി പറഞ്ഞു.കയ്യിൽ ഉണ്ടായിരുന്ന പരിക്കും റിസപ്ഷൻ പാർട്ടിക്ക് ഡാൻസ് കളിച്ചപ്പോൾ ഉണ്ടായതാണ്. ഇതാണ് താൻ മർദിച്ചതായി കാണിച്ചുകൊടുത്തത്. അന്ന് തനിക്ക് പക്വമായ നിലപാട് എടുക്കാൻ കഴിഞ്ഞില്ല. അതിൽ കുറ്റബോധമുണ്ടെന്നും അന്ന് രഹസ്യമൊഴി നൽകിയപ്പോൾ അച്ഛന്റെ സമ്മർദ്ദം കാരണം ആണ് കോടതിയോട് കള്ളം പറയേണ്ടി വന്നതെന്നും പുതിയ വീഡിയോയിൽ യുവതി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *