വടകര: ജിഷ്ണു പ്രണോയ് കേസില്‍ നേരറിയാന്‍ സി.ബി.ഐ സംഘം നാദാപുരത്ത് എത്തി. ഇന്ന് മുതല്‍ നാദാപുരം സര്‍ക്കാര്‍ അതിഥി മന്ദിരത്തിലാണ് സി.ബി.ഐ കൊച്ചി യൂണിറ്റിന്റെ ഓഫീസ് പ്രവര്‍ത്തിക്കുക. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ, അച്ഛന്‍ അശോകന്‍, അമ്മാവന്‍ കെ.കെ ശ്രീജിത്ത് എന്നിവരുടെ പ്രാഥമിക മൊഴി നേരത്തെ എടുത്തിരുന്നു.
ജിഷ്ണുവിന്റെ മറ്റ് ബന്ധുക്കള്‍, സുഹൃത്തുക്കള്‍, സഹപാഠികള്‍, അദ്ധ്യാപകര്‍, മൃതദേഹം ഏറ്റുവാങ്ങിയവര്‍ എന്നിവരെ മൊഴി എടുക്കാന്‍ സി.ബി.ഐ ക്യാമ്ബ് ഹൗസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ലോക്കല്‍ പൊലീസിന്റെ അന്വേഷണം എങ്ങുമെത്താതായതോടെ അമ്മ മഹിജ മുഖ്യമന്ത്രിയ്ക്ക് തുറന്ന കത്തെഴുതിയിരുന്നു. പിന്നീട് പൊലീസ് അന്വേഷണം നിലച്ചതോടെ കേസ് സി.ബി.ഐയ്ക്ക് വിടാന്‍ കുടുംബം മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഇതോടെയാണ് കേസ് സി.ബി.ഐയ്ക്ക് വിട്ട് മുഖ്യമന്ത്രി ഉത്തരവ് ഇറക്കിയത്.
