ഡെങ്കിപ്പനി രണ്ടാമതും വന്നാല്‍ ആരോഗ്യസ്ഥിതി സങ്കീര്‍ണമാകും, അതീവ ജാഗ്രത വേണമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവര്‍ക്ക് വീണ്ടും ബാധിച്ചാല്‍ ആരോഗ്യനില സങ്കീര്‍ണമാകാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണ ജോര്‍ജ്. ഡെങ്കിപ്പനി ബാധിക്കുന്നവരില്‍ ഭൂരിപക്ഷം പേരിലും രോഗ ലക്ഷണങ്ങള്‍ കുറവായിരിക്കും. അഞ്ച് ശതമാനം പേര്‍ക്ക് തീവ്രമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ പലര്‍ക്കും ഒരിക്കലെങ്കിലും അറിയാതെ ഡെങ്കി വൈറസ് ബാധിച്ചിരിക്കാം എന്നാണ് ആഗോള തലത്തില്‍ തന്നെ കണക്കാക്കപ്പെടുന്നത്.

ഇവര്‍ക്ക് ഡെങ്കിപ്പനി രണ്ടാമതും ബാധിച്ചാല്‍ ഗുരുതരമാകാം. ഡെങ്കി വൈറസിന് നാല് വകഭേദങ്ങളാണുള്ളത്. ഇതില്‍ ആദ്യം ബാധിക്കുന്ന വകഭേദത്തിനെതിരെ ജീവിതകാലം മുഴുവന്‍ പ്രതിരോധ ശേഷിയുണ്ടായിരിക്കും. എന്നാല്‍ അതേ വ്യക്തിക്ക് മറ്റൊരു വകഭേദം മൂലം ഡെങ്കിപ്പനിയുണ്ടായാല്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനമാണ്. പ്രമേഹം, രക്താതിമര്‍ദം, ഹൃദ്രോഗം, വൃക്ക രോഗം തുടങ്ങിയ അനുബന്ധ രോഗങ്ങളുള്ളവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുഞ്ഞുങ്ങള്‍, രോഗ പ്രതിരോധശേഷി കുറവുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *