കൊളംബിയന്‍ കോട്ട പൊളിച്ച് മാര്‍ട്ടിനസ്, ‘കോപ്പയില്‍’ വീണ്ടും അര്‍ജന്റീന

കോപ്പ അമേരിക്ക ഫുട്‌ബോള്‍ കിരീടം അര്‍ജന്റീന നിലനിര്‍ത്തി. ആവേശ ഫൈനലില്‍ കൊളംബിയയെ വീഴ്ത്തിയാണ് അര്‍ജന്റീന തുടരെ രണ്ടാം വട്ടവും കിരീടം ഉയര്‍ത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍ നേടിയില്ല. മത്സരം അധിക സമയത്തേക്ക് നീണ്ടപ്പോള്‍ പകരക്കാരനായി എത്തിയ ലൗട്ടാരോ മാര്‍ട്ടിനസിന്റെ ഗോളാണ് കളിയുടെ ഗതി നിര്‍ണയിച്ചത്.

നേരത്തേ മുഴുവന്‍ സമയവും അവസാനിക്കുമ്പോള്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചില്ല.കരിയറിന്റെ സായാഹ്നത്തിലുള്ള ഇതിഹാസ താരവും നായകനുമായ ലയണല്‍ മെസിക്ക് ഇത് അഭിമാന നേട്ടങ്ങളുടെ തുടര്‍ച്ച. ഒപ്പം അര്‍ജന്റീനയ്ക്കും. മത്സരത്തിനിടെ പരിക്കേറ്റ് മടങ്ങി, പൊട്ടിക്കരഞ്ഞ മെസിക്ക് മാര്‍ട്ടിനെസിന്‍റെ വകയുള്ള സമ്മാനമായി കിരീടം മാറി.

ഫ്‌ളോറിഡയിലെ ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയത്തില്‍ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നിറഞ്ഞതായിരുന്നു മത്സരം. പന്ത് കൈവശം വെച്ച് കളിച്ചതും കൂടുതല്‍ മുന്നേറ്റങ്ങള്‍ നടത്തിയതും കൊളംബിയയാണ്.

Leave a Reply

Your email address will not be published. Required fields are marked *