തിരുവനന്തപുരം: കലാലയ രാഷ്ട്രീയത്തിനെതിരെ പ്രസ്താവനയിറക്കിയ ഗവര്‍ണര്‍ പി സദാശിവത്തിനെതിരെ യുവജന സംഘടനയായ കെ.എസ്.യു രംഗത്ത്. കലാലയങ്ങളിലെ അക്രമ രാഷ്ട്രീയവും, വര്‍ഗ്ഗീയ സംഘടനകളുടെ പ്രവര്‍ത്തനങ്ങളും നിരോധിക്കേണ്ടതിനും നിയന്ത്രിക്കേണ്ടതിനും പകരം കലാലയ രാഷ്ട്രീയത്തെ പാടെ തള്ളിപറയുന്നത് വിദ്യാര്‍ത്ഥി സംഘടനകളെ പറ്റിയുള്ള ഗവര്‍ണറുടെ അജ്ഞത കൊണ്ടാകാമെന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ കെഎം അഭിജിത്ത് പറഞ്ഞു.

കലാലയങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിക്കുക എന്നത് കാലങ്ങളായുള്ള ചില സങ്കുചിത താത്പര്യകാരുടെ പ്രത്യേകിച്ച് മാനേജ്‌മെന്റുകളുടെ, മതസാമുദായിക സംഘടനകളുടെ താത്പര്യമാണെന്നും, കേരളത്തില്‍ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന അവകാശങ്ങളില്‍ ബഹുഭൂരിപക്ഷവും നേടിയെടുക്കപ്പെട്ടിട്ടുള്ളത് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം കൊണ്ടാണെന്നത് യാഥാര്‍ഥ്യമാണെന്നും അഭിജിത്ത് ചൂണ്ടിക്കാട്ടി.

അക്രമരാഷ്ട്രീയം ഇല്ലാതാക്കിയും, വര്‍ഗീയ സംഘടനകളെ നിരോധിച്ചും കലാലയങ്ങളിലെ സംഘടനാ പ്രവര്‍ത്തന സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും, കാലങ്ങളായി ഇതേ ആവശ്യം മുന്നോട്ടു വെയ്ക്കുന്ന കെഎസ്യു ഇനി അധികാരികളെ സമീപിക്കാനും വിദ്യാര്‍ത്ഥി സമൂഹത്തിനിടയിലും പൊതുസമൂഹത്തിലും തുടര്‍ ക്യാമ്പയിനുകള്‍ നടത്താനും തെറ്റിദ്ധാരണകള്‍ ഒഴിവാക്കാനും നേതൃത്വം നല്‍കുമെന്നും അഭിജിത്ത് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *