വയനാട്: മേപ്പാടി എസ്റ്റേറ്റില്‍ അന്യസംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കിയെന്ന പ്രചരണം തള്ളി മാവോയിസ്റ്റുകള്‍. തങ്ങള്‍ അന്യസംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കിയിട്ടില്ല. അവരോട് ജോലിയെക്കുറിച്ചും ജീവിത സാഹചര്യങ്ങളെക്കുറിച്ചും ചോദിച്ചറിയുക മാത്രമാണ് ചെയ്തത്. മറിച്ചുള്ള ആരോപണങ്ങള്‍ പോലീസ് ഉന്നയിക്കുന്നതാണെന്നും മാവോയിസ്റ്റുകള്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
അന്യസംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കി കെട്ടിയിട്ടുവെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മാവോയിസ്റ്റുകള്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. മേപ്പാടിയിലെ എമറാള്‍ഡ് എസ്റ്റേറ്റില്‍ എത്തിയ മാവോയിസ്റ്റുകള്‍ മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ തേയില തോട്ടത്തില്‍ ബന്ദിയാക്കിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
സംഭവത്തിന് പിന്നാലെ പോലീസും തണ്ടര്‍ബോള്‍ട്ട് സംഘവും വയനാട്ടിലെ വിവിധ വനപ്രദേശങ്ങളില്‍ തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ തെരച്ചിലില്‍ മാവോയിസ്റ്റുകളെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ നടപടി അവസാനിപ്പിക്കുകയായിരുന്നു.
