ഇഫ്താറില്‍ മുസ്ലിംകളെ അപമാനിച്ചു; ടി.വി.കെ അധ്യക്ഷന്‍ വിജയ് സംഘടിപ്പിച്ച ഇഫ്താറിനെതിരെ പരാതി

ചെന്നൈ: റമദാനോട് അനുബന്ധിച്ച്‌ ടി.വി.കെ അധ്യക്ഷനാ വിജയ് സംഘടിപ്പിച്ച ഇഫ്താറിനെതിരെ പരാതി. ചെന്നൈ റോയപ്പേട്ടയിലെ വൈ.എം.സി.എ മൈതാനത്ത് സംഘടിപ്പിച്ച ഇഫ്താറില്‍ മുസ്ലിംകളെ അപമാനിച്ചുവെന്ന് ആരോപിച്ച്‌ തമിഴ്‌നാട് സുന്നത്ത് ജമാഅത്താണ് പരാതി നല്‍കിയിരിക്കുന്നത്.

മദ്യപാനികള്‍, റൗഡികള്‍ തുടങ്ങിയ മതപരമായ ആചാരങ്ങളുമായി ബന്ധമില്ലാത്ത വ്യക്തികള്‍ ഇഫ്താറില്‍ പങ്കെടുത്തെന്ന് ചെന്നൈ പൊലീസ് കമീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സൗഹാര്‍ദം വളര്‍ത്താന്‍ ഉദ്ദേശിച്ചുള്ള ഇഫ്താര്‍ സമൂഹത്തെ മുറിവേല്‍പ്പിച്ചുവെന്നുമാണ് ആക്ഷേപം. ഇതില്‍ ഖേദം പ്രകടിപ്പിക്കാത്ത നടന്റെ നടപടി മതവികാരങ്ങളോടുള്ള ബഹുമാനത്തെക്കുറിച്ച്‌ ആശങ്ക ഉയര്‍ത്തിയിട്ടുണ്ടെന്നും പരാതിയില്‍ കുറ്റപ്പെടുത്തുന്നു.

വിജയ്യുടെ ആദ്യ രാഷ്ട്രീയ സംസ്ഥാന സമ്മേളനത്തിലെ മോശം സംഘാടനവും അന്ന് വെള്ളം ലഭിക്കാതെ നിരവധിപേര്‍ക്ക് നിര്‍ജലീകരണം സംഭവിച്ചതിനും സമാനമായി ഇഫ്താര്‍ പരിപാടിയിലും സമാനമായ അശ്രദ്ധ ഉണ്ടായി. ആളുകളോട് അനാദരവോടെയാണ് പെരുമാറിയത്. പ്രാദേശികമായ അറിവില്ലാത്തെ വിദേശ സുരക്ഷാ ഗാര്‍ഡുകളെയാണ് പരിപാടി നിയന്ത്രിക്കാന്‍ ഏല്‍പ്പിച്ചത്. പബ്ലിസിറ്റിക്ക് വേണ്ടിയല്ല തങ്ങളുടെ പരാതിയെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമനടപടി അനിവാര്യമാണെന്നും പരാതിയില്‍ പറയുന്നു.

വെള്ള തൊപ്പിയണിഞ്ഞ് നോമ്ബുതുറക്കെത്തിയ വിജയ് വിശ്വാസികള്‍ക്കൊപ്പം പ്രാര്‍ഥനയില്‍ പങ്കെടുക്കുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മൂവായിരത്തോളം പേര്‍ ഇഫ്താറില്‍ പങ്കെടുത്തതായാണ് വിവരം. പതിനഞ്ചോളം പള്ളികളിലെ ഇമാമുമാര്‍ക്കും ക്ഷണമുണ്ടായിരുന്നു.

2026ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് തയാറെടുക്കുകയാണ് വിജയ്. അണ്ണാ ഡി.എം.കെയുമായി സഖ്യ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡി.എം.കെയെയും ബി.ജെ.പിയെയും വിജയ് ഒരുപോലെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. നടന്റെ പുതിയ ചിത്രം ജന നായകന്‍ വിവിധിയിടങ്ങളില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. എച്ച്‌. വിനോദ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം അനിരുദ്ധാണ്. ഛായാഗ്രഹണം സത്യന്‍ സൂര്യനും പ്രദീപ് ഇ. രാഗവ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. 2026 ജനുവരിയിലാണ് ചിത്രത്തിന്റെ റിലീസ്.

Leave a Reply

Your email address will not be published. Required fields are marked *