‘മോദി വിദേശയാത്ര നടത്തുമ്പോൾ പരിഹസിച്ചവന്മാർ എവിടെ? എല്ലാം പെർഫെക്ട് ആയിരുന്നു’

പഹല്‍ഗാം ആക്രമണത്തിന് ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി പാക്കിസ്ഥാന് നല്‍കിയ പശ്ചാത്തലത്തില്‍, പ്രധാനമന്ത്രി മോദിയെ പുകഴ്ത്തി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി.  നമ്മുടെ തലമുറ കണ്ട ഏറ്റവും ശക്തനായ പ്രധാന മന്ത്രിയാണ് നരേന്ദ്ര ദാമോദർദാസ് മോദിയെന്ന് അബ്ദുള്ളക്കുട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു.

പറയാതിരിക്കാൻ വയ്യ. നരേന്ദ്ര മോദി വിദേശയാത്ര നടത്തുമ്പോൾ പരിഹസിച്ചവന്മാർ ഇപ്പോൾ എവിടെ ? അങ്ങേര് നികുതി പണം കൊണ്ട് ലോകം ചുറ്റി നടക്കുന്നു എന്ന് പറഞ്ഞു തെറി വിളിച്ചവർ  എവിടെ ?, അങ്ങേര് ഓരോ  രാജ്യങ്ങൾ ആയി ഉണ്ടാക്കിയ ബന്ധവും. മിലിറ്ററിയെ ശക്തമാക്കാൻ എടുത്ത തീരുമാനവും ഒക്കെ അത്ര പെർഫെക്ട് ആയിരുന്നു. ഇങ്ങേർ അല്ലയിരുന്നേൽ ഇങ്ങനെ  പ്രതിരോധിക്കാൻ പറ്റുമായിരുന്നില്ല.– അബ്ദുള്ളക്കുട്ടി കുറിച്ചു.

അതേസമയം, വ്യാഴാഴ്ച രാത്രി ഇന്ത്യയ്ക്ക് നേരെ നടത്തിയ ആക്രമണങ്ങളില്‍ പാക്കിസ്ഥാന്‍ യാത്രാവിമാനങ്ങളെ കവചമാക്കിയെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു. ആക്രമണത്തിനിടെ ദമാമിൽ നിന്നുള്ള വിമാനം ലഹോറിൽ ലാൻഡ് ചെയ്തു. ഇന്ത്യന്‍ വ്യോമസേന യാത്രാ വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നുണ്ട്. കറാച്ചി, ലഹോർ എന്നിവിടങ്ങളിൽ നിന്നും പാക്കിസ്ഥാൻ രാജ്യന്തര വിമാന സർവീസുകൾ തുടരുന്നുണ്ടെന്നും വിക്രം മിശ്രി സൂചിപ്പിച്ചു.

നാനൂറോളം ഡ്രോണുകള്‍ ഉപയോഗിച്ച് 36 കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു പാക്കിസ്ഥാന്‍ ആക്രമണം നടത്തിയത്. ആക്രമണത്തിന് തുര്‍ക്കി നിര്‍മിത ഡ്രോണുകളും ഉപയോഗിച്ചു. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ആക്രമണനീക്കം തകര്‍ത്തു. വ്യോമപ്രതിരോധ സംവിധാനത്തിന്റെ ക്ഷമത പരീക്ഷിക്കാനായിരുന്നു ശ്രമമെന്ന് കേണല്‍ സോഫിയ ഖുറേഷിയും, വിങ് കമാന്‍ഡര്‍ വ്യോമികസിങ്ങും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *