India Pakistan News: പാക്കിസ്ഥാനെ തള്ളി ഇന്ത്യ; ഭീകരവാദം അവസാനിപ്പിക്കുന്നത് വരെ നദീജല കരാറിൽ ചർച്ചയില്ല

ന്യൂഡൽഹി: സിന്ദുനദീ ജലകരാറിൽ ചർച്ചവേണമെന്ന് പാക്കിസ്ഥാൻ നിലപാട് തള്ളി ഇന്ത്യ. അതിർത്തികടന്നുള്ള ഭീകരവാദം പാക്കിസ്ഥാൻ അവസാനിപ്പിക്കാതെ ഈ വിഷയത്തിൽ യാതൊരു ചർച്ചയുമില്ലെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ വ്യക്തമാക്കി. കശ്മീർ വിഷയത്തിൽ, നിയമവിരുദ്ധമായി പാക്കിസ്ഥാൻ കൈവശപ്പെടുത്തിയ പ്രദേശങ്ങളെപ്പറ്റി മാത്രമേ ചർച്ചചെയ്യാനുള്ളെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. നിയമവിരുദ്ധമായി പാക്കിസ്ഥാൻ കൈവശപ്പെടുത്തിയ പ്രദേശങ്ങൾ വിട്ടുനൽകണം. ഈ കാര്യം ചർച്ചചെയ്യാൻ തയ്യാറാണെന്നും ജയശങ്കർ വ്യക്തമാക്കി.

നേരത്തെ, സിന്ധു നദീജല കരാറിൽ ചർച്ച വേണമെന്ന നിലപാടുമായി പാക്കിസ്ഥാൻ രംഗത്തെത്തിയിരുന്നു. കരാറിലെ വ്യവസ്ഥകളിൽ ചർച്ച വേണമെന്നാണ് പാക്കിസ്ഥാൻ ജലവിഭവ സെക്രട്ടറി സയ്യിദ് അലി മുർതാസ ആവശ്യപ്പെട്ടത്. ഇന്ത്യയുടെ എതിർപ്പുകൾ ചർച്ച ചെയ്യാമെന്നും മുർതാസ അറിയിച്ചിരുന്നനു.  കരാറിൽ ചർച്ചയാകാമെന്ന നിലപാട് ആദ്യമായാണ് പാക്കിസ്ഥാൻ സ്വീകരിക്കുന്നത്. 2023 ലും 2024 ലും കരാർ പുതുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നെങ്കിലും പാക്കിസ്ഥാൻ തയ്യാറായിരുന്നില്ല.

പഹൽഗാം ആക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിച്ചത്. പാക്കിസ്ഥാനുമായി വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും നദീജല കരാർ മരവിപ്പിക്കൽ പിൻവലിക്കില്ലെന്ന് ഇന്ത്യ നിലപാട് എടുത്തതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം പാക്കിസ്ഥാൻ അവസാനിപ്പിക്കുംവരെ കരാർ മരവിപ്പിക്കൽ തുടരാനാണ് ഇന്ത്യയുടെ തീരുമാനമെന്നായിരുന്നു റിപ്പോർട്ടിലുണ്ടായിരുന്നത്.

സിന്ധു നദിയിലേയും അതിന്റെ പോഷകനദികളിലെയും ജലം പങ്കുവെയ്ക്കുന്നത് സംബന്ധിച്ച് ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവെച്ച ഉടമ്പടിയാണ് സിന്ധു നദീജല കരാർ. ലോകബാങ്കിന്റെ മധ്യസ്ഥതയിൽ 1960 സെപ്റ്റംബർ 19-ന് കറാച്ചിയിൽവച്ച് മുൻ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും അന്നത്തെ പാകിസ്താൻ പ്രസിഡന്റ് അയൂബ് ഖാനുമാണ് കരാറിൽ ഒപ്പുവച്ചത്.

കരാറിന്റെ നിബന്ധനകൾ പ്രകാരം കിഴക്കൻ നദികളായ സത്ലജ്, രവി, ബിയാസ് എന്നീ നദികളിലെ ജലത്തിന്റെ നിയന്ത്രണം ഇന്ത്യയ്ക്കും പടിഞ്ഞാറൻ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവയുടെ നിയന്ത്രണം പാക്കിസ്ഥാനുമാണ്. പാക്കിസ്ഥാനിലെ പ്രധാന ജലസേചന പദ്ധതികൾക്കെല്ലാം ഈ നദികളിൽ നിന്നുള്ള ജലത്തെയാണ് ആശ്രയിക്കുന്നത്. ഇന്ത്യ കരാർ മരവിപ്പിച്ചതോടെ പാക്കിസ്ഥാനിലെ കാർഷിക-വാണിജ്യ രംഗത്ത് വൻ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *