തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിലെ യുവ അഭിഭാഷകയെ മർദ്ദിച്ച കേസിൽ പ്രതിയും സീനിയർ അഭിഭാഷകനുമായ ബെയ്‌ലിൻ ദാസ് പിടിയിൽ. തിരുവനന്തപുരം സ്റ്റേഷൻ കടവിൽ നിന്നാണ് ബെയ്‌ലിൻ ദാസിനെ പോലീസ് പിടികൂടിയത്. തുമ്പ പോലീസാണ് അഭിഭാഷകനെ പിടികൂടിയത്.
കസ്റ്റഡിയിൽ എടുത്ത അഭിഭാഷകനെ തുമ്പ സ്റ്റേഷനിലേക്കാണ് ആദ്യം കൊണ്ടുപോയത്. ഇവിടെ നിന്ന് ഇയാളെ ചോദ്യം ചെയ്യലിനായി പോലീസ് മറ്റൊരുസ്ഥലത്തേക്ക് മാറ്റി. യുവഅഭിഭാഷക ശ്യാമിലിയെ മർദ്ദിച്ച കേസിൽ ബെയ്‌ലിൻ ദാസ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ച കോടതി പരിഗണിക്കാനിരിക്കെയാണ് പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുന്നത്.
നേരത്തെ, പ്രതിയെ പിടികൂടുന്നതിനായി പോലീസ് വലിയ സമ്മർദ്ദമാണ് പ്രയോഗിച്ചത്. ബെയ്‌ലിൻ ദാസിന്റെ ഭാര്യയോട് ഇന്ന് സ്‌റ്റേഷനിൽ ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിരുന്നു. അഭിഭാഷകന്റെ ബന്ധുക്കളുടെ ഫോണുകളും പോലീസ് പരിശോധിച്ചിരുന്നു. ബെയ്‌ലിൻ രക്ഷപ്പെടുന്നത് ഒഴിവാക്കാനായി ഇയാളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ പോലീസ് നിരന്തരം പരിശോധന നടത്തിയിരുന്നു. വലിയ അന്വേഷണങ്ങൾക്കൊടുവിൽ സംഭവത്തിന്റെ മൂന്നാം ദിനമാണ് പ്രതിയെ പിടികൂടാൻ പോലീസിന് കഴിഞ്ഞത്.
വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷക ശ്യാമിലിയെയാണ് സീനിയർ അഭിഭാഷകനായ ബെയ്ലിൻ അതിക്രൂരമായി മർദിച്ചത്. വഞ്ചിയൂർ മഹാറാണി ബിൽഡിങ്ങിലുള്ള ഓഫീസിൽവെച്ചായിരുന്നു സംഭവം. ശ്യാമിലിയും അഭിഭാഷകനും തമ്മിൽ രാവിലെ തർക്കമുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് യുവതിയെ മർദിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
മോപ് സ്റ്റിക് കൊണ്ട് ബെയ്ലിൻ മർദിച്ചുവെന്നാണ് ശ്യാമിലിയുടെ പരാതി. നിരവധി തവണ മർദിച്ചു. മൂന്നാമത്തെ അടിക്കു ശേഷം ബോധം നഷ്ടപ്പെട്ടുവെന്നും യുവതി പരാതിയിൽ വിശദമാക്കി. സംഭവത്തിൽ വനിത കമ്മീഷനും കേസെടുത്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് ബെയ്ലിൻ ദാസിനെ ബാർ അസോസിയേഷൻ സസ്‌പെൻഡ് ചെയ്തിരുന്നു.

