കൊല്ലം: കൊല്ലം ചെങ്കോട്ട പാതയില്‍ തെന്‍മല മുതല്‍ ആര്യങ്കാവ് വരെ ഹെവി ഗുഡ്‌സ് വാഹന ഗതാഗതം നിരോധിച്ചു. കഴുതുരുട്ടി പ്രദേശത്ത് പതിമൂന്ന് കണ്ണറ പാലത്തിന് സമീപം എംഎസ്എല്‍ മേഖലയിലെ പാതയില്‍ വിള്ളല്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത് എന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

കനത്ത മഴയ്ക്ക് പിന്നാലെ രൂപപ്പെട്ട വിള്ളല്‍ അടയ്ക്കുന്നതിനുള്ള സര്‍വെ നടപടി ദേശീയപാത നിരത്ത് വിഭാഗം ഇന്നു തന്നെ തുടങ്ങും. കാലാവസ്ഥ പ്രതികൂലമായില്ലെങ്കില്‍ അതിവേഗം അറ്റകുറ്റപണി പൂര്‍ത്തിയാക്കാനാകും. ഇതു വഴി സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായാണ് വലിയ വാഹനങ്ങള്‍ നിരോധിച്ചത്. മറ്റു വാഹനങ്ങള്‍ നിയന്ത്രണങ്ങളോടെ ഇതു വഴി കടത്തി വിടും.

ഗതാഗതം പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കും വരെ മേഖലയില്‍ സ്ഥിരം പൊലിസ് സാന്നിദ്ധ്യം ഉറപ്പാക്കും. വലിയ വാഹനങ്ങള്‍ കടന്ന് പോകുന്നത് നിയന്ത്രിക്കുന്നതിനും ഗതാഗത നിയന്ത്രണത്തിനുമാണ് പൊലിസിനെ നിയോഗിച്ചത്. ഇക്കാര്യത്തില്‍ ആര്‍ടിഒയുടെ സേവനവുമുണ്ടാകും.

ആര്യങ്കാവ് ചെക്ക് പോസ്റ്റിനപ്പുറം വാഹന ഗതാഗതം നിയന്ത്രിക്കുന്നതിനായി തമിഴ്‌നാട് പൊലിസിന്റ സഹകരണവും ഉറപ്പാക്കുമെന്ന് ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷന്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് കാര്‍ത്തികേയന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *