കോഴിക്കോട്ടെ തീപ്പിടിത്തത്തിൽ ദുരൂഹത? : കാലിക്കറ്റ് ടെക്സ്റ്റയിൽസ് പാർട്ണർമാർ തമ്മിലുള്ള തർക്കം സംബന്ധിച്ചും അന്വേഷണം

കോഴിക്കോട്: കാലിക്കറ്റ് ടെക്സ്റ്റൈൽസിലുണ്ടായ തീപിടിത്തത്തിൽ സ്ഥാപനത്തിന്റെ പാർട്ണർമാർ തമ്മിലുണ്ടായിരുന്ന തർക്കം സംബന്ധിച്ച് പോലീസ് അന്വേഷണമാരംഭിച്ചു. നേരത്തെ ഈ സംരഭത്തിന്റെ പാർട്ണറായിരുന്ന പ്രകാശൻ എന്ന വ്യക്തിയും നിലവിലെ ഉടമ മുകുന്ദനും തമ്മിൽ തർക്കം ഉണ്ടായിരുന്നുവെന്നും ഇരുവരും തമ്മിലുണ്ടായ സംഘർഷത്തിൽ ഇപ്പോളത്തെ ഉടമയ്ക്ക് പരിക്കേറ്റിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. ഒന്നര മാസം മുമ്പ്  മുകുന്ദനെ കുത്തിപരിക്കേൽപ്പിച്ച കേസിൽ പ്രകാശൻ റിമാന്‍ഡിലാണ്

നിര്‍മാണത്തിലിരുന്ന കെട്ടിടങ്ങള്‍ ഇരുവരും പരസ്പരം തകര്‍ത്തിരുന്നു. ഇരുവരും തമ്മിലുള്ള തര്‍ക്കത്തിന്‍റെ തുടര്‍ച്ചയാണോ ഇപ്പോഴത്തെ സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. മുകുന്ദന്‍റെ ഉടമസ്ഥതയിലുള്ള ടെക്സ്റ്റയിൽ ആണ് ഇന്നലെ കത്തി നശിച്ചത്. മുകുന്ദനുമായുള്ള ബിസിനസ് അവസാനിപ്പിച്ച ശേഷം പ്രകാശൻ പുതിയ കട തുടങ്ങിയെങ്കിലും ഇവർ തമ്മിലുള്ള തർക്കം അവസാനിച്ചിരുന്നില്ല. ഈ തർക്കത്തിന് തീപ്പിടുത്തവുമായി ബന്ധമുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.

ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയാേടുകൂടിയാണ് കോഴിക്കോട് മാവൂർ റോഡിലുള്ള മൊഫ്യൂസൽ ബസ് സ്റ്റാൻഡിലെ കെട്ടിടത്തിൽ തീപിടിച്ചത്. ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ടെക്‌സ്റ്റൈല്‍സ് എന്ന തുണിക്കടയ്ക്കാണ് വൈകീട്ട് അഞ്ച് മണിയോടെയാണ് തീപിടിച്ചത്.

അതേസമയം, കോഴിക്കോട് പുതിയ ബസ്റ്റാൻഡിലെ വ്യാപാര സമുച്ചയത്തിലുണ്ടായ വൻ തീപിടിത്തത്തിന് കാരണ വൈദ്യുതി ഷോർട്ട് സർക്യൂട്ടാണെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട്. തീപിടിത്തമുണ്ടായ സ്ഥലത്ത് ഇന്ന് രാവിലെ ജില്ല കളക്ടറടക്കമുള്ളവരെത്തി പരിശോധിച്ചു. ഫോറന്‍സിക് വിദഗ്ധറടക്കം സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഫയര്‍ഫോഴ്സിന്‍റെ പരിശോധനയും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *