പ്രമുഖ ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളുടെ പിയാഗിയോ വെസ്പയുടെ ഏറ്റവും പുതിയ മോഡല്‍ നോട്ട് 125 ഇന്ത്യന്‍ വിപണികളില്‍ എത്തി. 68,645 രൂപയാണ് നോട്ടിന്റെ എക്‌സ്‌ഷോറൂം വില. വെസ്പയുടെ മറ്റു മോഡലുകളില്‍ നിന്നും വളരെ പ്രത്യേകത നിറഞ്ഞതാണ് നോട്ട് 125.

ഫുള്‍ ബ്ലാക്ക് കളറില്‍ ഇറങ്ങിയിരിക്കുന്ന നോട്ട് ക്ലാസിക് ലുക്കാണ് നല്‍കുന്നത്. മറ്റു മോഡലുകളില്‍ നിന്നും വളരെ വ്യത്യസ്തമായിട്ടാണ് വെസ്പ നോട്ട് 125 സിസി തങ്ങള്‍ പുറത്തിറക്കിയിരിക്കുന്നതെന്നും എഡ്ജ് ടെക്‌നോളജിയാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും പിയാഗിയോ ഇന്ത്യ സി ഇ ഒ ഡിയാഗോ ഗ്രാഫി പറഞ്ഞു.

ബ്ലാക്ക് മിററുകള്‍ ഗ്രാബ് റെയില്‍സ്, 11 ഇഞ്ച് ബ്ലാക്ക് വീല്‍സ് എന്നിങ്ങനെ ബ്ലാക്കില്‍ കുളിച്ചു നില്‍ക്കുകയാണ് വെസ്പ നോട്ട് 125. ഫ്രണ്ട് ഡിസ്‌ക് ബ്രേക്കും, ട്യൂബ് ലെസ് ടയറുകളുമാണ് മറ്റു വെസ്പ മോഡലുകളുടേതു പോലെ നോട്ട് 125 ന് സാമ്യം നല്‍കുന്നത്.

എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍, എന്നിവയാണ് മറ്റു പ്രത്യേകതകള്‍. 10 bhp കരുത്തും 10.6 Nm torque ആണ് നോട്ടിനുള്ളത്. കമ്പനിയുടെ വെസ്പ ഡിലര്‍ഷിപ്പ് ഉള്ള ഷോറൂമുകളില്‍ മാത്രമെ നോട്ട് 125 ലഭ്യമാവൂ എന്ന് കമ്പനി അറിയിച്ചു. കൂടാതെ 8999 ഡൗണ്‍ പേയ്‌മെന്റിലൂടെയും വെസ്പ നോട്ട് 125 സ്വന്തമാക്കാനാവുമെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *