അറബിക്കടൽ പ്രക്ഷുബ്ധമായതിനെ തുടർന്ന് കേരള തീരത്ത് റെഡ്-ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. ഒൻപത് തീരദേശ ജില്ലകളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത 48 മണിക്കൂർ ഉയർന്ന തിരകൾക്കും കടലേറ്റത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്നും നാളെയും അതീവ ജാഗ്രത പുലർത്തണം. എട്ടു തീരദേശ ജില്ലകളിൽ നാളെ രാത്രിവരെ അതീവ ജാഗ്രതാ നിർദ്ദേശമായ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
കൊല്ലം ആലപ്പുഴ എറണാകുളം തൃശൂർ മലപ്പുറം കോഴിക്കോട് കണ്ണൂർ കാസർകോട് ജില്ലകളുടെ തീരങ്ങളിലാണ് റെഡ് അലർട്ട് നൽകിയിട്ടുള്ളത്. 3 മുതൽ 4.2 മീറ്റർ വരെ ഉയരമുള്ള തിരകൾക്കും കടലേറ്റത്തിനും സാധ്യതയുണ്ട്. തിരുവനന്തപുരം തീരത്ത് ഓറഞ്ച് അലർട്ട് നൽകി. 3.6 മീറ്റർ വരെ ഉയരമുള്ള തിരകൾ ഉണ്ടാകും. മത്സ്യതൊഴിലാളികൾ കടലിൽ പോകരുത് , ബോട്ടുകൾ വള്ളങ്ങൾ എന്നിവ ഹാർബറുകളില്‍ കെട്ടിയിടണം, തീരദേശ വിനോദസഞ്ചാരം വിലക്കണം എന്നിവയാണ് ദേശീയ സമുദ്രഗവേഷണ കേന്ദ്രത്തിന്‍റെ പ്രധാന നിര്‍ദേശങ്ങള്‍.
എറണാകുളം ജില്ലയിലെ വിവിധയിടങ്ങളിൽ രാത്രിയിൽ ഇടവിട്ട കനത്ത മഴയും കാറ്റും. കോതമംഗലം, മുവാറ്റുപുഴ, വടക്കൻ പറവൂർ,ആലുവ എന്നിവിടങ്ങളിലും കൊച്ചി നഗരപ്രദേശത്തും ശക്തമായ മഴ ലഭിച്ചു. ജില്ലയിലെ മലയോര മേഖലയിലും തീരപ്രദേശത്തും കനത്ത മഴ തുടരുന്നതിനാൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കാറ്റിൽ കൊച്ചി മറൈൻഡ്രൈവിലെ ഡിടിപിസിയുടെ ഉടമസ്ഥതയിലുള്ള ദ ബോട്ട് ക്ലബ് കഫേയുടെ മേൽക്കൂര തകർന്നുവീണു. കനത്ത മഴയിൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ നേര്യമംഗലം, വില്ലാഞ്ചിറയിൽ റോഡ് ഇടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് അതിതീവ്ര മഴക്കുള്ള സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
കോഴിക്കോട് ജില്ലയില്‍ ശക്തമായ മഴ തുടരുകയാണ്. ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ടാണുള്ളത് .കനത്ത മഴയിലും കാറ്റിലും വിവിധയിടങ്ങളില്‍ വ്യാപക നാശനഷ്ടമാണ് ഇന്നലെ ഉണ്ടായത്. നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. മരങ്ങള്‍ വീണ് റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാത്രി താമരശേരി ചുരത്തില്‍ മരംവീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. വൈദ്യുതി ലൈനുകളില്‍ മരം വീണ് വെദ്യുതി ബന്ധം തകരാറിലായിട്ടുണ്ട്. ദേശീയപാത നിര്‍മാണം പുരോഗമിക്കുന്ന പയ്യോളി, കൊയിലാണ്ടി തുടങ്ങിയ സ്ഥലങ്ങളില്‍ റോഡുകളില്‍ വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്. മലയോര മേഖലയില്‍ മഴശക്തമായി തുടരുന്നതിനാല്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട് .
